star

പത്തനംതിട്ട : ഡിസംബറിന്റെ കുളിർമ്മയുള്ള രാവിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയതോടെ നഗരം മറ്റൊരു ക്രിസ്മസ് കാലത്തിന് ഒരുങ്ങുകയായി. ഓണത്തിന് ശേഷം ആലസ്യത്തിലായിരുന്ന വിപണികളിൽ വീണ്ടും തിരക്കേറി.

വിവിധ വർണത്തിലും ഡിസൈനിലുമുള്ള നക്ഷത്രങ്ങൾ നിരനിരയായി വിപണികളിൽ തെളിഞ്ഞിരിക്കുന്നു. വീടുകളിൽ രാത്രി അണയാത്ത നക്ഷത്രങ്ങൾ ക്രിസ്മസ് വിളംബരമായി കാണാം. നക്ഷത്ര അലങ്കാരങ്ങൾക്കായി പ്രത്യേക വിപണന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പത്ത് രൂപയുടെ കു‌ഞ്ഞൻ നക്ഷത്രങ്ങൾ മുതൽ വിപണിയിലുണ്ട്. പഴയകാല പേപ്പർ നക്ഷത്രങ്ങളും ട്രൻഡിംഗായുണ്ട്. ഇതിൽ വാൽ നീണ്ട നക്ഷത്രങ്ങൾക്ക് ആവശ്യക്കാരേറെയുണ്ട്. ചെറുകിട സംരംഭകരും നക്ഷത്ര വിൽപന തുടങ്ങി. ഓൺലൈനിലൂടെയും വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. കയർ കൊണ്ട് നിർമ്മിച്ചിട്ടുള്ള നക്ഷത്രങ്ങൾ വിപണിയിലെ ന്യൂജെനാണ്. സ്വർണം നിറത്തിൽ തെളിയുന്ന കയർ നക്ഷത്രങ്ങൾക്ക് ആവശ്യക്കാരുമുണ്ട്.

കണ്ണഞ്ചിപ്പിക്കും എൽ.ഇ.ഡി സ്റ്റാർ

പേപ്പറോ പ്ലാസ്റ്റിക്കോ ഏത് നക്ഷത്രമായാലും ഒപ്പം ഒരു എൽ.ഇ.ഡി നക്ഷത്രം കൂടെ വാങ്ങി മടങ്ങുന്നവരാണ് ഏറെയും. മറ്റ് നക്ഷത്രങ്ങൾ നശിച്ച് പോയാലും എൽ.ഇ.ഡി അത്ര പെട്ടന്നങ്ങ് നശിക്കില്ലെന്നതാണ് കാരണം. വിവിധ നിറത്തിലുള്ള എൽ.ഇ.ഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 200 രൂപ മുതൽ എൽ.ഇ.ഡി നക്ഷത്രങ്ങൾ വാങ്ങാൻ കഴിയും. 350, 500, 750, 1000 എന്നിങ്ങനെയാണ് എൽ.ഇ.ഡി നക്ഷത്രങ്ങളുടെ വില. വിവിധ വർണത്തിൽ മിന്നിത്തെളിയുന്ന ബൾബുകൾക്കും ആവശ്യക്കാരേറെയാണ്.

നക്ഷത്ര വിപണിയിൽ തിരക്ക് തുടങ്ങി. പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും അടുത്തയാഴ്ചത്തേക്കാവും ചെലവാകുക. ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.

റെജി, വ്യാപാരി