
ശബരിമല : തിരക്കേറിയതോടെ പതിനെട്ടാംപടിയുടെ നിയന്ത്രണം ഇന്ത്യൻ റിസർവ് ബറ്റാലിയന് (ഐ.ആർ.ബി) കൈമാറി. തീർത്ഥാടകരെ അതിവേഗം കയറ്റിവിടാൻ ഇവർ സമർത്ഥരാണ് .മിനിറ്റിൽ 85 മുതൽ 90 വരെ തീർത്ഥാടകരെ ഇവർ പടികയറ്റുന്നുണ്ട്.തീവ്രവാദ, വിധ്വംസക പ്രവർത്തനങ്ങൾ നേരിടുന്നതിനും ദുരന്ത നിവാരണത്തിനും പരിശീലനം ലഭിച്ചവരാണിവർ.തിങ്കളാഴ്ച രാത്രി മുതൽ ഐ.ആർ.ബിക്കാണ് ഡ്യൂട്ടി.
എ.ആർ ക്യാമ്പ് പൊലീസുകാരാണ് ഈ ഡ്യൂട്ടി നോക്കിയിരുന്നത്. അവർക്ക് പതിനഞ്ച് മിനിറ്റായിരുന്നു ഒരു ഷിഫ്റ്റ്. ഐ.ആർ.ബിക്ക് അരമണിക്കൂറാണ് ഒരു ഷിഫ്റ്റ്.
20 ലക്ഷത്തിൽപ്പരം തീർത്ഥാടകരാണ് ഇതുവരെ ദർശനം നടത്തിയത്. പതിനെട്ടാംപടി കയറാനുള്ളവരുടെ നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മദ്ധ്യേവരെ എത്തുന്നുണ്ട്. ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെ എത്താൻ ഇന്നലെ പുലർച്ചെ മൂന്ന് മണിക്കൂർ വരെയെടുത്തു. വലിയ നടപ്പന്തലിലെ ആറ് നിരകളും മിക്ക സമയങ്ങളിലും നിറയുന്നുണ്ട്.
സ്പോട്ട് ബുക്കിംഗ്
ഉയർത്തിയേക്കും
തിരക്കേറിയതോടെ സ്പോട്ട് ബുക്കിംഗ് ഉയർത്താനുള്ള സാദ്ധ്യത ദേവസ്വം ബോർഡ് തേടുന്നുണ്ട്. കോടതി അംഗീകരിച്ച വെർച്വൽ ക്യൂ ബുക്കിംഗ് പരിധി എഴുപതിനായിരമാണ്. സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ ഭക്തർക്ക് ദർശനം നൽകാനാണ് ആലോചന. നിയമോപദേശം തേടിയിട്ടുണ്ട്. മിക്ക ദിവസങ്ങളിലും മുക്കാൽലക്ഷത്തോളം ഭക്തർ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ആവശ്യമായ മുൻകരുതൽ ബോർഡ് സ്വീകരിച്ചിട്ടുണ്ട്. കാൽലക്ഷം അരവണ സ്റ്റോക്കുണ്ട്. നടവരവിലും പ്രസാദ വിതരണത്തിലും വൻ വർദ്ധനയുണ്ട്.
ആരാധനാലയ നിയമം: കക്ഷിചേർന്ന് ലീഗും സമസ്തയും
മലപ്പുറം: 1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ആവശ്യത്തിനെതിരെ മുസ്ലിം ലീഗും സമസ്തയും സുപ്രീംകോടതിയിൽ കക്ഷി ചേർന്നു. നിയമസാധുത ചോദ്യംചെയ്തുള്ള അഞ്ച് ഹർജികൾ ഈമാസം 12ന് സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ ആരാധനാലയ നിയമത്തിന് അനുകൂലമായ വാദം ഉന്നയിക്കുന്നതിനാണ് മുസ്ലിം ലീഗും സമസ്തയും ഇന്നലെ ഹർജി ഫയൽ ചെയ്തത്.
വഖഫ്,മദ്രസ
വിഷയം;രാജ്ഭവൻ
മാർച്ച് ഇന്ന്
തിരുവനന്തപുരം: വഖഫ്,മദ്രസ വിഷയത്തിലെ കേന്ദ്ര നിലപാടിനെതിരെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും മദ്രസാ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ച് ഇന്ന്. രാവിലെ 9.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് രാജ്ഭവന് മുന്നിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എസ്.എം.എഫ് ജനറൽ സെക്രട്ടറി യു.മുഹമ്മദ് ഷാഫി ഹാജി,വർക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ,എസ്.കെ.എം.എം.എ ജന.സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി,നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.