vvvvvbv
കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച നന്ദനയുടെ വാർത്ത

പത്തനംതിട്ട : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട നാരങ്ങാനം സ്വദേശി നന്ദനയ്ക്ക് വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ വീടും വഴിയും തുടർപഠനവും നൽകാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

കടമ്മനിട്ട ഗവ.ഹൈസ്‌കൂളിൽ പഠിക്കുന്ന നന്ദന ഭിന്നശേഷിക്കാരി ആണെന്നും വീട്ടിലേക്ക് പോകാൻ വഴി സൗകര്യം ഇല്ലെന്നും സ്വന്തമായി വീടില്ലെന്നും ഉപരിപഠനം നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചാണ് റഷീദ് ആനപ്പാറ പരാതി നൽകിയത്.

ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് നാരങ്ങാനം ഗ്രാമപ്പഞ്ചായത്ത് വീട്ടിലേക്കുള്ള വഴിയുടെ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തു നൽകി. അവശേഷിക്കുന്ന ഭാഗം കോൺക്രീറ്റു ചെയ്യാൻ മന്ത്രി വീണാജോർജിന്റെ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് ഇലന്തൂർ ബ്ലോക്ക് സെക്രട്ടറി കമ്മിഷനെ അറിയിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതിപ്രകാരമുള്ള വീട് നിർമാണത്തിന് ആദ്യഗഡു 40,000 രൂപ ലഭിച്ചു. നന്ദനയ്ക്ക് ഉത്തരവിലൂടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും നാരങ്ങാനം പഞ്ചായത്ത് സെക്രട്ടറിയും ലൈഫ് മിഷൻ കോർഡിനേറ്ററും ഉറപ്പുവരുത്തണമെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിലൂടെ നിർദേശിച്ചു.