
പത്തനംതിട്ട: കാലംമറന്ന ഗ്രാമഫോൺ ഇന്ന് വിപണിയിൽ പ്രിയങ്കരമാണ്. ഒരുകാലത്ത് റേഡിയോ എത്തും മുമ്പ് മലയാളിയും പാട്ടുകൾ കേട്ടത് ഗ്രാമഫോണിൽ നിന്നായിരുന്നു. ഗൃഹാതുരമായ ഒാർമ്മയുണർത്തുന്ന ഗ്രാമഫോണുകൾ ഇന്ന് പല വീടുകളിലും കൗതുകക്കാഴ്ചയായുണ്ട്. ഗ്രാമഫോൺ വില്പനയിൽ മുപ്പത് വർഷത്തിലേറെയായി സജീവമാണ് കോട്ടയം സ്വദേശിയായ ഹബീബ്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇരുചക്രവാഹനത്തിൽ യാത്രചെയ്താണ് ഗ്രാമഫോൺ വില്പന.
ഗ്രാമഫോണിൽ പഴയ യന്ത്രമാണ് ഉപയോഗിക്കുന്നതെങ്കിലും പെട്ടികൾ ഗുജറാത്തിൽ നിർമ്മിച്ച് കൊണ്ടുവരും. കേരളത്തിൽ നിർമ്മിച്ചാൽ ചെലവ് കൂടുതലാണെന്ന് ഹബീബ് പറഞ്ഞു. ഗ്രാമഫോണുകളുടെ അനുബന്ധ സാധനങ്ങളും ഹബീബിന്റെ പക്കലുണ്ട്. പാട്ടുകേൾപ്പിച്ച് , പ്രവർത്തിക്കുന്നതാണ് എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് വിൽക്കുന്നത്.
ഇതിനുപുറമെ പുരാവസ്തുക്കളുടെ വേറെയും ശേഖരമുണ്ട്. 4000 മുതൽ 4500 രൂപ വരെയാണ് ഒന്നിന്റെ വില. ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന മൂന്നടി നീളമുള്ള അഞ്ച് ലെൻസുകൾ ഘടിപ്പിച്ച ബൈനോക്കുലർ, ഇംഗ്ളീഷ് കവിത ആലേഖനം ചെയ്ത വടക്കുനോക്കി യന്ത്രം, വിവിധ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ടെലിഫോണുകൾ തുടങ്ങിയവ ശേഖരത്തിലുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ കോട്ടയം ഓപ്പൺ മാക്കറ്റിലും മറ്റു ദിവസങ്ങളിൽ വിവിധ ജില്ലകളിലും എത്തിയാണ് വില്പന. .