
കൊടുമൺ : ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കൊടുമൺ ഒറ്റത്തേക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള റൈസ് മില്ല് പ്രവർത്തനം നിലച്ചിട്ട് അഞ്ചുമാസം പിന്നിട്ടു. ഇക്കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ റൈസ് മിൽ ആറ് മാസമാണ് പ്രവർത്തിച്ചത്. നെല്ല് പുഴുങ്ങുകയും ഉണക്കുകയും ചെയ്യുന്ന ബോയ്ലർ പ്ളാന്റിന് മേൽക്കൂര നിർമ്മിക്കാനായി മില്ല് താത്കാലികമായി നിറുത്തുകയായിരുന്നു. എന്നാൽ പണികൾ അനന്തമായി നീണ്ടത് ആക്ഷേപങ്ങൾക്ക് ഇടയാക്കി. കഴിഞ്ഞ ജൂണിലെ മഴയിൽ ബോയ്ലർ പ്ളാന്റിന് നനവ് പിടിച്ചതോടെ മിൽ പ്രവർത്തിപ്പിക്കാൻ പറ്റാതായി. മേൽക്കൂര നിർമ്മിച്ചില്ലെങ്കിൽ പ്ളാന്റ് തകരാറിലാകുമെന്ന അവസ്ഥ. മില്ലിന്റെ നിർമ്മാണവേളയിൽ ബോയ്ലർ പ്ളാന്റിന് മേൽക്കൂരയും നെല്ല് പുഴുങ്ങുന്ന വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനവും ഒരുക്കേണ്ടതായിരുന്നു. അന്ന് ഫണ്ടില്ലാത്ത കാരണത്താൽ അത് സാദ്ധ്യമായില്ല.
രാസമിശ്രിതം ചേർക്കാത്ത കൊടുമൺ റൈസിന് നെല്ല് കുത്തിയിരുന്നത് കോട്ടയം വെച്ചൂരിലെ ഓയിൽ പാം ഇന്ത്യയുടെ മില്ലിലായിരുന്നു. മില്ല് പൂട്ടിയതോടെ വീണ്ടും നെല്ല് കുത്ത് കോട്ടയത്തേക്ക് മാറ്റി.
വാഹനച്ചെലവ്, കയറ്റിറക്ക് കൂലി തുടങ്ങിയ ഭാരിച്ച ചെലവ് കാരണമാണ് ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ഒറ്റത്തേക്കിൽ സ്വന്തം മില്ല് സ്ഥാപിച്ചത്. നെല്ല് കൃഷി ചെയ്യുന്നതും കൊടുമൺ റൈസിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതും കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ്.
തടസമായത് പ്ളാന്റിലെ പണികൾ
അഞ്ചു മാസം മുമ്പ് പ്ളാന്റിലെ പണികൾക്കായി റൈസ് മില്ല് പൂട്ടിയെങ്കിലും ഇപ്പോൾ മൂന്ന് ലക്ഷം രൂപ ചെലവിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. ബോയ്ലർ പ്ളാന്റിന് മേൽക്കൂര നിർമ്മിക്കാൻ സാധനങ്ങൾ ഇറക്കി. ജല ശുദ്ധീകരണ സംവിധാനം സ്ഥാപിക്കുന്നതിന് അടിത്തറയും നിർമ്മിച്ചു. തുടർന്നുള്ള പണികൾ ഇഴയുകയാണ്. പ്രവർത്തിക്കാത്തതിനാൽ നെല്ല് കുത്ത് യന്ത്രം തകരാറിലാകുമോയെന്ന് ആശങ്കയുണ്ട്. യന്ത്രം സ്ഥാപിച്ചിരിക്കുന്ന കമ്പനിയുമായി അറ്റകുറ്റപ്പണിക്ക് കരാറുള്ളതിനാൽ തകരാറുണ്ടായാൽ പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
ഉടൻ തുറന്നില്ലെങ്കിൽ പ്രതിസന്ധി
മില്ള് ഉടൻ തുറന്നുപ്രവർത്തിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വൻ പ്രതിസന്ധിയായിരിക്കും. വൈദ്യുതി ചാർജ് ഇനത്തിൽ പ്രതിമാസം ഒൻപതിനായിരം രൂപ ചെലവുണ്ട്. കൂടാതെ മില്ലിലെ മൂന്ന് ജീവനക്കാർക്ക് ശമ്പളം നൽകണം. വെള്ളത്തിനും മറ്റു ചെലവുകൾക്കും പണം കണ്ടെത്തണം.
ബോയ്ലർ പ്ളാന്റിന്റെ നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മില്ല് താൽകാലികമായി അടച്ചതാണ്. നെല്ല് കുത്ത് ഓയിൽ പാമിന്റെ മില്ലിൽ നടക്കുന്നുണ്ട്.
എ.എൻ.സലിം, കൊടുമൺ ഫാർമർ
പ്രാെഡ്യൂസർ കമ്പനി ഡയറക്ടർ
മില്ല് തുടങ്ങിയത് ജനുവരിയിൽ
നിർമ്മാണച്ചെലവ് 1.10 കോടി
ഇതുവരെ 24 ടൺ നെല്ല് കുത്തി