
ശബരിമല : ചരിത്രവും ഐതീഹ്യവും ഉറങ്ങുന്ന ഭസ്മക്കുളം യഥാസ്ഥാനത്ത് പുനർനിർമ്മിക്കണമെന്ന ദേവപ്രശ്ന വിധികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. മാളികപ്പുറം ഫ്ളൈ ഓവർ നിർമ്മാണത്തിന് വേണ്ടിക്ഷേത്രത്തിന്റെ വടക്ക് - പടിഞ്ഞാറ് ഭാഗത്ത് പുരാതനമായി നിലനിന്നിരുന്ന ഭസ്മക്കുളം മൂടുകയായിരുന്നു. പകരം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതിയ കുളം നിർമ്മിച്ചു. ഭസ്മക്കുളത്തിൽ കുളിച്ചാൽ സർവരോഗങ്ങളും മാറുമെന്ന വിശ്വാസത്തിന് അപമാനമായി മാറുകയാണ് ഇപ്പോഴത്തെ കുളം.
ഈ മണ്ഡലകാലത്തിന് മുമ്പ് ഭസ്മക്കുളം പുനർ നിർമ്മിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചിരുന്നങ്കിലും കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതിരുന്നതിനെ തുടർന്ന് നിയമ തടസങ്ങൾ ഉണ്ടായി. എന്നാൽ ഇത് പരിഹരിക്കാൻ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.
ശബരീശ സന്നിധിയിൽ ശയനപ്രദക്ഷിണം നടത്തുന്ന ഭക്തർ ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ച് ഈറനായാണ് സോപാനത്തിൽ എത്തുന്നത്.
കുളത്തിൽ മലിനജലം
ഭസ്മക്കുളത്തിലേക്ക് മലിനജലം ഒഴുകിയെത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. സോപാനം കഴുകുമ്പോൾ അരവണ പ്ളാന്റിന് സമീപത്തെ പടിക്കെട്ടിലൂടെ മലിനജലം ഭസ്മക്കുളത്തിലേക്ക് ഒഴുകിയിറങ്ങും. ഇവിടെ ഓടയുണ്ടെങ്കിലും ഫലപ്രദമല്ല. മലിനജലം പമ്പ് ചെയ്ത് മാറ്റുന്നതിന് സ്ഥാപിച്ചിട്ടുള്ള മോട്ടോറുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല. വെള്ളം സ്പ്രേ ചെയ്യുന്നിന് സ്ഥാപിച്ചിരിക്കുന്ന വാട്ടർ ഫൗണ്ടെൻ മോട്ടോർ പമ്പിന്റെ ചില വാൽവുകൾ അടഞ്ഞ നിലയിലായിരുന്നു. തീർത്ഥാടകരാണ് പലപ്പോഴും മരച്ചില്ലകളും മറ്റും ഉപയോഗിച്ച് വാൽവിലെ തടസം നീക്കുന്നത്.
ഭസ്മക്കുളത്തിൽ മുങ്ങി പാപമോക്ഷം
തപസ്വിനിയും കന്യകയുമായിരുന്ന "ശബരി" ശബരീപീഠത്തിൽ തപസ് അനുഷ്ഠിച്ച് വരികയായിരുന്നു. തന്റെ തപശക്തികൊണ്ട് ശബരി യാഗാഗ്നിയിൽ ലയിച്ചു. ധർമ്മശാസ്താവ് ആ ഭസ്മമെടുത്ത് ഒരു ഗർത്തത്തിൽ നിക്ഷേപിച്ചു. കാലക്രമേണ ഈ ഗർത്തം ഒരു കുളമായി മാറുകയും പൂർവീകൻമാർ ഇതിന് ഭസ്മക്കുളമെന്ന് പേരിട്ടെന്നതുമാണ് ഐതീഹ്യം. ഭസ്മക്കുളത്തിലെ വെള്ളത്തിൽ മുങ്ങിയാൽ പാപമോക്ഷമുണ്ടാകുമെന്നും വിശ്വാസമുണ്ട്.