വല്ലന: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശരത് മോഹൻ 245 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 3176 വോട്ടിൽ 1503 വോട്ട് ശരത് മോഹന് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അരുൺ.കെ.ബിക്ക് 1258വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി അശോകൻ പി.ബിക്ക് 415വോട്ടും ലഭിച്ചു.
എൽ.ഡി.എഫ് ഭരിക്കുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് അംഗം ലീനാകമൽ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിപ്പ് ലംഘിച്ചാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയതെന്നു കാട്ടി മറ്റൊരു യു.ഡി.എഫ് അംഗമായ ലാലി ജോൺ കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് ലീനാകമലിന് അയോഗ്യത വന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് വിപ്പ് പുറപ്പെടുവിച്ച ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് എൽ.ഡി.എഫിലേക്കും സാക്ഷിയായ പന്തളം പ്രതാപൻ ബി.ജെ.പിയിലേക്കും പോയി. ലീനാ കമൽ നിലവിൽ ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ആറൻമുള സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമാണ്.