സീതത്തോട്: കാത്തിരിപ്പിനൊടുവിൽ നിലയ്ക്കലിലേക്ക് കുടിവെള്ളം എത്തി . കഴിഞ്ഞ വർഷം വരെ പമ്പയിൽ നിന്ന് നൂറുകണക്കിന് ടാങ്കറുകളിലായി വെള്ളം ശേഖരിച്ച് നിലയ്ക്കൽ കൊണ്ടുവന്നാണ് അയ്യപ്പഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് .
ഇന്നലെ മുതൽ താത്കാലിക അടിസ്ഥാനത്തിൽ നിലയ്ക്കലിലെ സ്റ്റീൽ സംഭരണിയിൽ വെള്ളം ശേഖരിച്ച് വിതരണം ആരംഭിച്ചു
സീതത്തോട്ടിലെ ശുദ്ധീകരണ ശാലയിൽ നിന്ന് പ്ലാപ്പള്ളി–ആങ്ങമൂഴി റോഡിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ബൂസ്റ്റർ പമ്പ് ഹൗസും പ്ലാപ്പള്ളിയിലെ ബൂസ്റ്റർ പമ്പ് ഹൗസും കടന്നാണ് വെള്ളം 500എം.എം വ്യാസമുള്ള കൂറ്റൻ ഇരുമ്പുപൈപ്പിലൂടെ നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിയത്.
അടൂർ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിപിൻ ചന്ദ്രൻ, സൂപ്രണ്ടിംഗ് എൻജിനീയർ കൃഷ്ണകുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.നെൽസൺ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.