photo
കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സന്ദർശനംനടത്തുന്നു

കോന്നി : കോന്നി കെ .എസ്.ആർ.ടി.സി ഡിപ്പോ മാർച്ചിൽ തുറന്നുനൽകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇന്നലെ കോന്നിയിൽ കെ. എസ്. ആർ. ടി.സി , പൊതുമരാമത്ത്, കരാർ കമ്പനി പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഓഫീസ് സീലിംഗ്, ലൈറ്റ്, യാർഡ് പൂർത്തീകരണം എന്നിവ അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കുവാനും പൊതുമരാമത്ത് വകുപ്പിന് എം .എൽ. എ നിർദ്ദേശം നൽകി. പത്തനംതിട്ട ഡി.ടി. ഒ തോമസ് മാത്യു, പി .ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനിയർ മുരുകേഷ് കുമാർ, ബ്ലോക്ക് എ .എക്സ് .ഇ ബിന്ദു, അസിസ്റ്റന്റ് എൻജിനീയർമാരായ രൂപക്ക് ജോൺ, ശ്രീജ എന്നിവർ പങ്കെടുത്തു. നേരത്തെ ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടന്നിരുന്ന ഭൂമി കെ .എസ് .ആർ. ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അഡ്വ കെ .യു. ജനീഷ് കുമാർ എം .എൽ. എയായ ശേഷമാണ് ഭൂമി കെ.എസ്. ആർ. ടി. സി യുടെ പേരിൽ രജിസ്റ്റർചെയ്ത് നിർമ്മാണം പുനരാരാരംഭിച്ചത്.

ഡിപ്പോ 2.41 ഏക്കറിൽ

2.41 ഏക്കർ സ്ഥലമാണ് കെ .എസ്. ആർ. ടി.സി എം ഡി യുടെ പേരിൽ രജിസ്റ്റർ ചെയ്ത് കോന്നി വില്ലേജ് ഓഫീസിൽ കരമടച്ചിട്ടുള്ളത്. .2013 മുതൽ യാർഡ് നിർമ്മാണം തടസപ്പെട്ടു കിടക്കുകയായിരുന്നു .1.45 കോടി എം.എൽ.എ യുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുകയും പ്രോജക്ട് മാനേജ് മെന്റ് കൺസൾട്ടെന്റായ എച്ച് .എൽ .എല്ലിന് നിർമ്മാണ ചുമതല നൽകുകയും ചെയ്തു. ഒന്നരക്കോടി രൂപ യാർഡ് നിർമ്മാണത്തിനും 50 ലക്ഷം രൂപ ഓഫീസ് നിർമ്മാണത്തിനും 39. 86 ലക്ഷം രൂപ അമിനിറ്റി സെന്റർ നിർമ്മാണത്തിനും 27 ലക്ഷം രൂപ പൊക്കവിളക്ക് സ്‌ഥാപിക്കുന്നതിനും എം .എൽ .എ ഫണ്ട് വിനിയോഗിച്ചിരുന്നു.