 
റാന്നി: പ്രധാന ശബരിമല ഇടത്താവളമായ പെരുനാട് പഞ്ചായത്തിലെ പൂവത്തുംമൂട് പാലത്തിൽ വെളിച്ചമില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ശബരിമല തീർത്ഥാടകർ നിരവധി എത്തുന്ന പ്രദേശമായിട്ടും ഇവിടെ വെളിച്ചം ഒരുക്കാതിരുന്നത് തീർത്ഥാടകരോടുള്ള കനത്ത അവഗണനയാണെന്നാണ് അയ്യപ്പ സേവാ സംഘങ്ങൾ ഉൾപ്പടെ പരാതി പറയുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ശബരിമല തീർത്ഥാടകർ വാഹനങ്ങൾ പാർക്ക് ചെയ്തു ഇറങ്ങുന്ന സ്ഥലമാണ് പൂവത്തുംമൂട്. പാലത്തിനോട് ചേർന്ന് നദിയിൽ തീർത്ഥാടകർക്ക് കുളിക്കാനും സൗകര്യമുള്ളത്‌കൊണ്ട് നിരവധി വാഹനങ്ങൾ ഇവിടെ നിറുത്തുന്ന പതിവുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി തീർത്ഥാടകർ പാലത്തിലൂടെയാണ് പെരുനാട് മാർക്കറ്റ് ഭാഗത്തേക്ക് പോകുന്നത്. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് യാതൊരു സുരക്ഷയുമില്ലാത്ത സ്ഥിതിയാണ് നിലവിൽ പൂവത്തുംമൂട്. പാലത്തിലുള്ളത്. ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ട് ഒരു മാസത്തോളമാകുമ്പോഴും പാലത്തിൽ വെളിച്ചമെത്താഞ്ഞത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആരോപണം. തങ്ക അങ്കി, തിരുഭാവരണ ഘോഷയാത്രകൾ കടന്നു പോകുമ്പോൾ ആയിരക്കണക്കിന് തീർത്ഥാടകർ പാലത്തിലൂടെ കാൽനടയായി യാത്ര ചെയ്യുന്നത്.
.........................
അടിയന്തരമായി പൂവത്തുംമൂട്പാലത്തിൽ വെളിച്ചമെത്തിക്കാനുള്ള നടപടി പഞ്ചായത്തും, കെ.എസ്.,ഈ .ബി യും മറ്റു ബന്ധപ്പെട്ട അധികൃതരും തയാറാകണം.
(നാട്ടുകാർ)