തിരുവല്ല : നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അട്ടിമറി വിജയം സ്വന്തമാക്കി. 29 വർഷമായി 500ലധികം വോട്ടിന്റെ ലീഡുള്ള സി.പി.എം കോട്ടയെന്ന് അവകാശപ്പെടുന്ന വാർഡാണ് 214 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടിയത്. 851 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി. മാത്യു (റെജി കണിയാൻ കണ്ടത്തിൽ) 525 വോട്ടുകൾ നേടി. എൽ.ഡി.എഫിലെ പ്രസാദ് കുത്തുനടയിലിന് 311 വോട്ടുകളെ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാർത്ഥി വിജയകുമാരിയമ്മയ്ക്ക് 15 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ട്യൂഷൻ സെന്റർ അദ്ധ്യാപകനാണ് വിജയിച്ച കെ.ബി മാത്യു. നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റും മെമ്പറുമായിരുന്ന ലതാ പ്രസാദിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവരുടെ ഭർത്താവായിരുന്നു ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും വാർഡിലെ വികസന മുരടിപ്പും എൽ.ഡി.എഫിന് ഉപതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ പറഞ്ഞു.