
അടൂർ: മണ്ണടി താഴത്ത് സൊസൈറ്റിപ്പടി -ചെട്ടിയാർ അഴികത്ത് റോഡ് തകർന്നതോടെ യാത്ര ദുരിതമായി. പത്തനംതിട്ട, കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി പോകുന്നത്. റോഡിലെ കുഴികളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം നിറഞ്ഞത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായി. ചില ബൈക്ക് യാത്രക്കാർക്ക് വീണ് പരിക്കേറ്റ സംഭവവുമുണ്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ശരീരത്തിലേക്ക് കുഴിയിലെ വെള്ളം തെറിക്കുന്നു.
സൊസൈറ്റിപടി - ചെട്ടിയാർ അഴികത്ത് റോഡിലൂടെ കൊട്ടാരക്കര, കൊല്ലം ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് . കടമ്പനാട്-ഏഴംകുളം മിനി ഹൈവെയിലേക്കും ഇതുവഴിയാണ് പോകുന്നത്. മണ്ണടി പടിഞ്ഞാറ് എൻ.എസ്.എസ് കരയോഗ കെട്ടിടം, മണ്ണടി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജി.എൽ.പി സ്‌കൂൾ, പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഈ റോഡിലൂടെയാണ് എത്തേണ്ടത്
പാലം പണി കഴിഞ്ഞപ്പോൾ റോഡിനെ മറന്നു
. പുതുതായി നിർമ്മിച്ച ചെട്ടിയാർ അഴികത്ത് പാലം മാസങ്ങൾക്ക് മുമ്പാണ് ഉദ്ഘാടനം ചെയ്തത്. പാലത്തോട് ചേർന്നുള്ള റോഡ് പുതുക്കി നിർമ്മിക്കാതിരുന്നത് യാത്രാദുരിതത്തിന് കാരണമായി. കല്ലടയാറിന് കുറുകെ പുതുതായി നിർമ്മിച്ച ചെട്ടിയാർ അഴികത്ത് പാലത്തിന്റെ പൂർത്തികരണത്തിനൊപ്പം റോഡും പുനർ നിർമ്മിക്കുമെന്നാണ് നേരത്തെ അധികൃതർ പറഞ്ഞത്. പാലത്തിനോട് ചേർന്നുള്ള 300മീറ്റർ ഭാഗം മാത്രമാണ് തകർന്നുകിടക്കുന്നത്. ഇക്കാരണത്താൽ വേഗതയിൽ വരുന്ന വാഹനങ്ങൾ പൊടുന്നനെ തകർന്നുകിടക്കുന്ന റോഡിലേക്ക് ഇറങ്ങുന്നതോടെ നിയന്ത്രണം തെറ്റിയും കുഴികളിൽ വീണുമാണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത്.
-------------------------------------
മഴക്കാലത്ത് റോഡിൽ ചെളിനിറഞ്ഞുത് മൂലവും വേനൽക്കാലത്ത് പൊടിശല്യം മൂലവും നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങളിൽനിന്ന് വീണ് പലർക്കും പരിക്കേൽക്കുന്നുണ്ട്. റോഡിന്റെ പത്തനംതിട്ട ജില്ലയുടെ ഭാഗമാണ് തകർന്നത്. അടിയന്തരമായി പുനർനിർമ്മിക്കണം.
രാജഗോപാല പിള്ള
അപ്പിനിഴികത്ത്
മണ്ണടി