s

വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്തിലെ നെൽകർഷകർ ആഹ്ളാദത്തിലാണ്. നെൽകൃഷിക്ക് ഇപ്പോൾ പഴയ ബുദ്ധിമുട്ടില്ല.സർക്കാർ സഹായവും നെല്ലിന് നല്ല വിലയും ലഭിക്കുന്നുണ്ട്. വടക്കേകളീയ്ക്കൽ വാസുദേവൻനായർ ( 73) മൂന്നര പതിറ്റാണ്ടായി നരിക്കുഴി പാടത്ത് നെല്ല് വിളയിക്കുന്നുണ്ട്. വിത്ത് വിത മുതൽ കൊയ്ത്തുവരെ എല്ലാ ദിവസവും പാടത്തിറങ്ങുന്നയാളാണ് വാസുദേവൻ നായർ.

നരിക്കുഴി പാടത്ത് ഇരുപത് സെന്റിലാണ് നെൽകൃഷി. നൂറ്റിയൻപത് കിലോ നെല്ല് കിട്ടുമെന്ന് അദ്ദേഹം പറയുന്നു. ഉമ വിത്താണ് കൃഷിചെയ്യുന്നത്.

നിലവിലെ സ്ഥിതിയിൽ ആരോഗ്യമുള്ള നെൽച്ചെടിയാണെന്ന് കർഷകനായ കല്ലിട്ടതിൽ തെക്കേതിൽ സദാനന്ദനും പറയുന്നു.

വള്ളിക്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെയാണ് നരിക്കുഴി, കാരുവേലി, ചെമ്പകപ്പാടം, തലച്ചേമ്പ്, തട്ടയിൽ പാടശേഖരങ്ങൾ കതിരണിയുന്നത്. ചെറുതും വലുതുമായ പാടങ്ങളുടെ ഉടമകളായി ഇരുന്നൂറിലേറെ കർഷകരാണ് വളളിക്കോട് പഞ്ചായത്തിലുള്ളത്.കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്ക മാത്രമാണുള്ളത്. പാടത്ത് ആവശ്യത്തിന് വെള്ളമുണ്ട്. കാലം തെറ്റി മഴ പെയ്യുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. കാലാവസ്ഥാ വിഭാഗത്തിന്റെ ഒാരോ റെഡ് അലർട്ടും കർഷകരുരെ നെഞ്ചിടിപ്പിക്കുന്നതാണ്. തോരാമഴ പെയ്താൽ വലിയ നഷ്ടമുണ്ടാകും.

തുണയായത് സാമ്പത്തിക സഹായം

നെൽവിത്ത് കൃഷിഭവനിൽ നിന്ന് സൗജന്യമായി ലഭിക്കും. പലിശരഹിത വായ്പയായി മൂന്ന് ലക്ഷം രൂപ വരെ വള്ളിക്കോട് സർവീസ് സഹകരണ ബാങ്കിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയിൽ നിന്ന് ലഭിക്കും. വളത്തിന് സബ്സിഡിയും അനുവദിക്കുന്നുണ്ട്. സപ്ളൈക്കോയ്ക്കാണ് നെല്ല് വിൽക്കുന്നത്. വില ലഭിക്കാൻ ഇപ്പോൾ വലിയ കാലതാമസമില്ലെന്ന് കർഷകർ പറയുന്നു.

--------------------

കഴിഞ്ഞ വർഷം ലക്ഷ്യമിട്ടത് 430 ക്വിന്റൽ നെല്ല്

ലഭിച്ചത് 450ക്വിന്റൽ

പ്രധാന പാടശേഖരങ്ങൾ: ചെമ്പകപ്പാടം, നരിക്കുഴി, കാരുവേലിൽ, തലച്ചേമ്പ്, തട്ടയിൽ

--------------------------

കർഷകർക്ക് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായം നൽകുന്നുണ്ട്. ഇത്തവണയും നല്ല വിളവെടുപ്പ് പ്രതീക്ഷിക്കുന്നു.

മോഹനൻ നായർ, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്