erummudi

പത്തനംതിട്ട : ശബരിമല തീർത്ഥാടന ഒരുക്കങ്ങൾക്ക് സർക്കാർ ഫണ്ട് ലഭിക്കാത്തതി​നാൽ കടം വാങ്ങി​ ബുദ്ധിമുട്ടുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. തീർത്ഥാടനവുമായി നേരിട്ട് ബന്ധമുള്ള പഞ്ചായത്തി​നും നഗരസഭയ്ക്കും സർക്കാർ നൽകുന്ന തുകയാണിത്. കഴിഞ്ഞ തീർത്ഥാടനകാലത്ത് ചെലവാക്കിയ തുക മണ്ഡലകാലത്തിന് ശേഷമാണ് ലഭിച്ചത്. ശബരിമല ഉൾപ്പെടുന്ന പെരുനാട് ഗ്രാമപഞ്ചായത്തിനും ഇടത്താവളമെന്ന നിലയിൽ വടശേരിക്കര ഗ്രാമപഞ്ചായത്തിനും പന്തളം നഗരസഭയ്ക്കുമാണ് മുമ്പ് പ്രത്യേക ഫണ്ട് നൽകിയിരുന്നത്. ഇപ്പോൾ തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും തുക ലഭ്യമാകും. തനതു ഫണ്ടിൽ നിന്നാണ് തദ്ദേശസ്ഥാപനങ്ങൾ തുക ചെലവഴിക്കുന്നത്. തനതു ഫണ്ട് കുറവായ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമി​തികൾ വ്യക്തി​കളി​ൽ നി​ന്ന് പണം സംഘടി​പ്പി​ച്ച് പ്രവർത്തനങ്ങൾ നടത്തുകയാണ്.

2011 മുതലാണ് കൂടുതൽ തദ്ദേശസ്ഥാപനങ്ങൾക്ക്

സർക്കാർ വിഹിതം നൽകി വരുന്നത്

ഫണ്ട് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ :

പത്തനംതിട്ട , പന്തളം നഗരസഭകൾ, പഞ്ചായത്തുകളായ കുളനട, കോന്നി, ചെറുകോൽ, ഓമല്ലൂർ, മെഴുവേലി, റാന്നി, പഴവങ്ങാടി.

തദ്ദേശ സ്ഥാപനങ്ങളുടെ ചെലവുകൾ

1. തങ്കഅങ്കി, തിരുവാഭരണ ഘോഷയാത്ര എന്നിവ കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിൽ ചെലവ് അധികമാണ്.

2. കടവുകളുടെ സംരക്ഷണം, ഇടത്താവള ക്രമീകരണം, തെരുവ് വിളക്ക് എന്നിവയ്ക്കു ഫണ്ട് ചെലവഴിക്കണം.

3. അടിസ്ഥാന സൗകര്യ ക്രമീകരണം.

4. റോഡരികിലെ കാടു തെളിയിക്കുന്നതടക്കമുള്ള ജോലികൾ, മറ്റ് അറ്റകുറ്റപ്പണികൾ

ചെലവ് കൂടുതൽ പെരുനാട് പഞ്ചായത്തിന്

ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിനാണ് ചെലവ് കൂടുതൽ. കഴിഞ്ഞ വർഷം 40 ലക്ഷം രൂപയാണ് ചെലവി​ട്ടത്. ഇതിൽ 15 ലക്ഷം രൂപ ആദ്യം തവണയും ശേഷം 23 ലക്ഷവും ആണ് ലഭിച്ചത്. 38 ലക്ഷം രൂപയാണ് ആകെ ലഭിച്ച തുക.

സർക്കാർ നടപടി​കളി​ൽ കാലതാമസം

തീർത്ഥാടന ഒരുക്കങ്ങൾക്കായി​ തദേശസ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ കണക്കാക്കി​യാണ് സർക്കാർ ഫണ്ട് അനുവദി​ക്കുന്നത്. സർക്കാർ നടപടി​കളിലെ കാലതാമസമാണ് പ്രവർത്തനങ്ങൾ പൂർത്തീകരി​ച്ചാലും യഥാസമയം ഫണ്ട് ലഭി​ക്കാത്തതി​ന് കാരണം. ചെലവി​ട്ട തുക പൂർണമായും ലഭി​ക്കാത്തതും തദ്ദേശ സ്ഥാപനങ്ങളെ പ്രതി​സന്ധി​യി​ലാക്കുന്നു.

തനത് ഫണ്ടിൽ നിന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ചെലവ് നടത്തുന്നത്. എല്ലാ പഞ്ചായത്തിനും ചെലവുകൾ വഹിക്കാൻ ശേഷിയില്ല.

പഞ്ചായത്ത് അധികൃതർ