അടൂർ: കൂട്ടമായ് എത്തുന്ന തെരുവു നായ്കൾ നഗരത്തിലെത്തുന്ന സ്കൂൾ കുട്ടികൾക്കും യാത്രക്കാർക്കും വ്യാപാരികൾക്കും മാത്രമല്ല ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. കെ.എസ്.ആർ.ടി.സി ജംഗ് ഷൻ, ജനറലാശുപത്രി പടി, സെൻട്രൽ ജംഗ്ഷൻ, ശ്രീമൂലം മാർക്കറ്റ്, പൊലീസ് സ്റ്റേഷൻ പരിസരം, കനാൽ റോഡ് എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. പൊലീസ് സ്റ്റേഷൻ പരിസരത്ത് കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ അടിഭാഗത്താണ് ഇവറ്റകൾ തമ്പടിച്ചിരിക്കുന്നത്. കൂട്ടമായ് എത്തുന്ന തെരുവ് നായ്കൾ സ്കൂൾ കുട്ടികൾക്കും യാത്രക്കാർക്കും നേരെ കുരച്ച് എത്തുന്നതോടെ ഇവർ ഭയന്ന് ഓടുകയും വീണ് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. കെ.ഐ.പി കനാൽ പരിസരത്താണ് ഏറ്റവും കൂടുതൽ തെരുവ് നായ്കൾ തമ്പടിച്ചിരിക്കുന്നത്. കനാലിന്റെ പരിസരത്തുള്ള വീടുകളിൽ നിന്ന് കോഴിയും ആടും ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. അനിയന്ത്രിതമായ തോതിൽ ഹോട്ടൽ മാലിന്യങ്ങളും അറവു മാടുകളുടെ അവശിഷ്ടങ്ങളും തള്ളുന്നത് മൂലമാണ് തെരുവുനായ്കൾ ഇവ ഭക്ഷിക്കാൻ കൂട്ടത്തോടെ ഇവിടേയക്ക് എത്തുന്നത്.
............................
നഗരത്തിലും നഗരപരിസരങ്ങളിലും അനിയന്ത്രിതമായി പെരുകിയ തെരുവു നായ്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. റോഡുവക്കിലും കനാൽ പരിസരങ്ങളിലും ഭക്ഷണാവശിഷ്ടങ്ങളുടെയുംകോഴിയുടെയും അറവുമാടുകളുടെയും അവശിഷ്ടങ്ങും നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകണം.
മനോഹരൻ പിള്ള
(ഏരിയാ പ്രസിഡന്റ്
വ്യാപാരി വ്യവസായി സമിതി)