ponkala

തിരുവല്ല : ദേവി​ക്ക് തൃക്കാർത്തിക പൊങ്കാല സമർപ്പി​ക്കാൻ ഭക്തസഹസ്രങ്ങൾ ചക്കുളത്തുകാവിലും ക്ഷേത്ര പരി​സരത്തും ഇടംപി​ടച്ചു. കൈയിൽ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളുമായും​ മനസിലും നാവിലും ദേവീസ്തുതികളുമായും നാനാദേശങ്ങളിൽ നിന്നായി ഭക്തരുടെ വലി​യവരവാണ് ഇത്തവണ.

ക്ഷേത്രപരിസരത്തിനു പുറമെ 60 കിലോമീറ്റർ ചുറ്റളവിലായി ഭക്തർക്ക് പൊങ്കാലയിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. പൊങ്കാലയ്ക്കായി ക്ഷേത്രവും പരിസരപ്രദേശങ്ങളും ഒരുങ്ങിക്കഴിഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരവധി ഭക്തർ എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 4ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും. 9ന് വിളിച്ചുചൊല്ലി പ്രാർത്ഥനയും നടക്കും.

തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകരും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യാതിഥിയാകും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. 500ൽ അധി​കം പൂജാരി​മാരുടെ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.