
ശബരിമല : അമിതമായ വൈദ്യുതിച്ചെലവിന് പരിഹാരം കാണാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിൽ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കും. പത്തുകോടി രൂപ ചെലവിൽ ഫെഡറൽ ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സോളാർ വൈദ്യുതി എത്തിച്ച സിയാൻ കമ്പനി സാങ്കേതിക സഹായം നൽകും.
സന്നിധാനം വലിയ നടപ്പന്തൽ, അന്നദാന മണ്ഡപം, പിൽഗ്രിം സെന്റർ ഒന്ന്, രണ്ട്, മൂന്ന് എന്നിവയ്ക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് പ്രതിദിനം രണ്ട് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉൾപ്പെടെ അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് പദ്ധതി നടപ്പാക്കാനാണ് നീക്കം. ബോർഡിന് കീഴിലുള്ള 27 ക്ഷേത്രങ്ങളിലും സോളാർ വൈദ്യുതി നടപ്പാക്കാനും പദ്ധതിയുണ്ട്. ഇതിന് സ്പോൺസർമാരെ കണ്ടെത്താൻ ശ്രമം തുടങ്ങി.
ഓരോവർഷവും കെ.എസ്.ഇ.ബിക്ക് കോടികളാണ് ദേവസ്വം ബോർഡ് നൽകുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് മാത്രം വൈദ്യുതി ചാർജ് മൂന്നരക്കോടിയോളം വരും. മാസപൂജ, വിഷു ഉത്സവം, പ്രതിഷ്ഠാദിനം, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നട തുറക്കുമ്പോഴും വൈദ്യുതിചാർജ് ഇനത്തിൽ വൻതുക നൽകേണ്ടിവരുന്നു. സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതോടെ ഇതിന് പരിഹാരമാകും.
ധനുമാസ പുലരി:
ശബരിമലയിൽ
വൻതിരക്ക്
ശബരിമല : ധനു മാസം ഒന്നായ ഇന്നലെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. പുലർച്ചെ പതിനെട്ടാം പടി കയറാനുള്ളവരുടെ നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മദ്ധ്യേവരെ നീണ്ടു. ശരംകുത്തി മുതൽ വലിയനടപ്പന്തൽ വരെ എത്താൻ ഇന്നലെ നാല് മണിക്കൂർ വരെയെടുത്തു. വലിയ നടപ്പന്തലിലെ ആറ് നിരകളും നിറഞ്ഞാണ് തീർത്ഥാടകർ ദർശനം കാത്തുനിന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയാണ് പൂജാചടങ്ങുകൾ ആരംഭിച്ചത്.
കോടതി അംഗീകരിച്ചിരിക്കുന്ന വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 70000 ആണ്. ഇത് തുടർന്നുള്ള ദിവസങ്ങളിൽ പൂർണമാണ്. സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ ഭക്തർക്ക് ദർശനം സാദ്ധ്യമാക്കാൻ ദേവസ്വംബോർഡ് ആലോചിക്കുന്നുണ്ട്. ഇന്നലെ മുക്കാൽ ലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തി. നടവരവിലും പ്രസാദ വിതരണത്തിലും വൻ വർദ്ധനവുണ്ട്.