arrat
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നടന്ന തൃപ്പുത്താറാട്ട് ഘോഷയാത്ര

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ നിർവൃതി നേടി.മലയാള വർഷത്തെ രണ്ടാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്.വ്യാഴാഴ്ച്ച രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും

ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ആറാട്ട് കർമ്മങ്ങൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു.ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി.വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. 8 മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് തൃപ്പൂത്താറാട്ടിന്റെ ഭാഗമായി ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് നടത്തുന്നതിന് ബന്ധപ്പെട്ട കാര്യാലയങ്ങളിൽ നിന്നും അനുകൂല ഉത്തരവ് ലഭിക്കാതിരുന്നതിനാൽ ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദ്ദേശപ്രകാരം ദേവനെ ഋഷഭ വാഹനത്തിലും ദേവിയെ ഹംസ വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്.

ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു.

ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടന്നു. ആറാട്ടിനു ശേഷം 12ദിവസം പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് പി ആർ മീര, ദേവസ്വം കമ്മിഷണർ ആർ.രേവതി, ഉപദേശക സമിതി പ്രസിഡന്റ് എൻ ആർ രതീഷ് കുമാർ , സെക്രട്ടറി വൈശാഖ് എം എച്ച് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.