balachadrakumar

തിരുവനന്തപുരം/ ചെങ്ങന്നൂർ: കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി.ബാലചന്ദ്രകുമാർ (52) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമുണ്ടായതോടെ നില വഷളായി.

വെള്ളിയാഴ്ച രാവിലെ 5.40നാണ് അന്ത്യമുണ്ടായത്.

നെയ്യാറ്റിൻകര തിരുപുറം മാങ്കൂട്ടം പടിപ്പുരവീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌ക്കരിച്ചു.
സംവിധായകൻ രാജസേനന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ചിത്രത്തിൽ സംവിധാന സഹായിയായാണ് സിനിമാരംഗത്തെത്തിയത്. 2013ൽ ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന ചിത്രം ഒരുക്കി സ്വതന്ത്ര സംവിധായകനായി. ദിലീപിനെ നായകനാക്കി പിക്‌പോക്കറ്റ് എന്ന ചിത്രം ഒരുക്കുന്നതിന്റെ ഭാഗമായാണ് അവർ തമ്മിൽ അടുപ്പമായത്. ദിലീപുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്തബന്ധം പുലർത്തിയിരുന്നു. പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആരോപണം.മാങ്കൂട്ടത്ത് പരേതനായ പുഷ്‌ക്കരൻനാടാരുടെയും പങ്കജാക്ഷിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: പങ്കജ് കൃഷ്ണ, ആഷിക് കൃഷ്ണ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.