1
പെരുമ്പെട്ടി അത്യാൽ പാലത്തിന് സമീപം വലിയ തോട്ടിൽ തടയണ നിർമ്മാണത്തിനായി സ്ഥാപിച്ച തൂണുകളിൽ മാലിന്യം അടിഞ്ഞുകൂടിയ നിലയിൽ

മല്ലപ്പള്ളി : അത്യാൽ വലിയ തോട്ടിലെ ജലനിരപ്പ് ഉയരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. തടയണ നിർമ്മിക്കുന്നതിനായി സ്ഥാപിച്ച തൂണുകളിൽ മാലിന്യവും മരത്തിന്റെ ചില്ലകളും മറ്റും തൂണിൽതട്ടി വെള്ളം ഒഴുകിപ്പോകാത്ത നിലയിലാണ്. തോട് നിറഞ്ഞു കവിഞ്ഞ് കൃഷിയിടങ്ങളെല്ലാം വെള്ളത്തിലാകുന്നസ്ഥിതിയാണ്. എല്ലാ വർഷവും ഇത്തരത്തിൽ കൃഷി നശിക്കാറുണ്ടെന്ന് കർഷകരും പറയുന്നു. നിലയ്ക്കാതെ പെയ്യുന്ന മഴയും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് തോട്ടിൽ തടയണ നിർമ്മിക്കുന്നതിനായി തൂണുകളാണ് പ്രദേശത്തെ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ചേന, ചേമ്പ്, വാഴ, മരച്ചീനി തുടങ്ങിയ കൃഷികളാണ് ഇവിടെ ഇപ്പോൾ ചെയ്ത് വരുന്നത്. ചെറുതും , വലതുമായ തടയണകൾ ഉണ്ടെങ്കിലും പാലത്തിന് താഴെയായി നിമ്മിച്ച വലിയ തടയണക്കായി നിർമ്മിച്ച ആറ് തൂണുകളിലാണ് മാലിന്യം അടിഞ്ഞ് തോട്ടിലെ ജലനിരപ്പ് ഉയർത്തുന്നത്. പെരുമ്പെട്ടി ക്ഷേത്രംപടി, ഉള്ളംമലപ്പടി, മേലേട്ടുതാഴെ,ചീരംപടവ്, പൂവത്രയിൽക്കുളം, താളിയാനിക്കൽ ഭാഗങ്ങളിൽ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ച സംഭവവുമുണ്ട്. പലരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ചെയ്യുന്നത്. മുൻ വർഷങ്ങളിൽ സമീപ വീടുകളിലും റോഡിലും വെള്ളം കയറിയിട്ടുമുണ്ട്.

പരാതി പറഞ്ഞിട്ടും നടപടിയില്ല

മൂന്ന് വർഷം മുൻപ് സ്ഥലം സന്ദർശിച്ച വിവിധ വകുപ്പുതല ഉദ്യോഗസ്ഥരോടും തോട്ടിലെ തൂണുകൾ നീക്കം ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കർഷകരും നാട്ടുകാരും ചേർന്ന് തൂണുകൾക്ക് സമീപത്തെ മാലിന്യ കൂമ്പാരം നീക്കാറുണ്ടെങ്കിലും മഴ കനത്താൽ പഴയ സ്ഥിതിയിലേക്കെത്തും. അധികൃതർ അടിയന്തര ഇടപെടൽ നടത്തി തൂണുകൾ നീക്കം ചെയ്യണമെന്നാണ് കർഷകരുടെയും, പ്രദേശവാസികളുടെയും ആവശ്യം.

..........................................

തടയണ നിർമ്മാണത്തിനായി തൂണുകൾ സ്ഥാപിച്ചത് കർഷകരെയും പ്രദേശവാസികളെയും വെള്ളത്തിലാക്കി. തൂണുകൾ ഒഴിവാക്കി തോടിന്റെ ആഴം വർദ്ധിപ്പിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്ത് പ്രശനത്തിന് പരിഹാരം കാണണം.

സോമൻ പിള്ള കൊട്ടാരത്തിൽ

(കർഷകൻ )

...........

തടയണയ്ക്കായി നിർമ്മിച്ച 6 തൂണുകളിൽ മാലിന്യം