പത്തനംതിട്ട : പത്തനംതിട്ട ബസ് സ്റ്റാൻഡിനുള്ളിൽ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു.
മഴയെത്തിയതോടെ കെട്ടിടത്തിനകത്തേക്ക് വെള്ളം ഒഴുകിയിറങ്ങുകയാണ്. കോൺക്രീറ്റ് കെട്ടിടത്തിൽ നിന്നുള്ള ചോർച്ചയും മേൽക്കൂരയിൽ നിന്നുള്ള വെള്ളവും കെട്ടിടത്തിനുള്ളിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് സമീപത്തെ വ്യാപാരികളേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മേൽക്കൂരയിൽ നിന്ന് ഓടയിലേക്ക് വെള്ളം ഒഴുകി പോകാനായി വച്ചിരിക്കുന്ന പൈപ്പ് ഓടയുമായി കൂട്ടി യോജിപ്പിച്ചിട്ടില്ല. മഴപെയ്യുമ്പോൾ വലിയ രീതിയിൽ വെള്ളം ഒഴുകി കെട്ടിടത്തിനുള്ളിലേക്ക് വീഴും. വെള്ളത്തിൽ ചവിട്ടിയാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. വലിയ വെള്ളക്കെട്ടിൽ കൂടിയാണ് ബസുകൾ സ്റ്റാൻഡിലേക്ക് കയറിയിറങ്ങുന്നത്. അബാൻ മേൽപ്പാലം നിർമ്മാണം നടക്കുന്ന അപ്രോച്ച് റോഡിലാണ് വെള്ളക്കെട്ട്. ഇരുചക്രവാഹനയാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചെളി വെള്ളത്തിൽ വീണ് പരിക്കേൽക്കുന്നവരും നിരവധിയാണ്. പ്രായമായവർക്കാണ് ബുദ്ധിമുട്ടേറെയും.
ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടം
ആഗസ്റ്റ് 17നാണ് നഗരസഭ ബസ് സ്റ്റാൻഡിലെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടാമത്തെ ഘട്ടം നിർമ്മാണങ്ങൾ നടക്കുകയാണിപ്പോൾ. സ്റ്റാൻഡിന്റെ ശേഷിക്കുന്ന ഭാഗം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പൂർത്തിയാക്കുക, കെട്ടിടത്തിന്റെ നവീകരണം, മുകൾനിലയുടെ നിർമ്മാണം, ബസ് സ്റ്റാൻഡിനോട് ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യം, ഹാപ്പിനസ് പാർക്ക്, ഡ്രൈവ് വേ, നടപ്പാത എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്.
............................................................
കഴിഞ്ഞ ദിവസം വെള്ളം കടയ്ക്ക് മുമ്പിലേക്ക് ഒഴുകിയതിനാൽ പൈപ്പ് തൂണിൽ കെട്ടി വച്ചു. അല്ലെങ്കിൽ കെട്ടിടത്തിൽ നിറയെ വെള്ളമാകും.
(വ്യാപാരി )