padavan
പാണ്ടവൻ പാറ കാടുകയറിയ നിലയിൽ

ചെങ്ങന്നൂർ: ജില്ലയിൽ ടൂറിസത്തിന്റെ സാദ്ധ്യതകർ നിലനിൽക്കുന്ന മുനിസിപ്പാലിറ്റിയായിട്ടും ചെങ്ങന്നൂർ നേരിടുന്നത് കടുത്ത അവഗണന. ചരിത്ര സ്‌മാരകമായ പാണ്ഡവൻപാറ ഇതിന് തെളിവാണ്. വയനാട്ടിലെ എടയ്ക്കൽ ഗുഹയ്ക്ക് സമാനമായി വികസത്തിന് കളമൊരുക്കാൻ കഴിയുന്ന ഇടമാണിത്. പാണ്ഡവൻ പാറ, നൂറ്റവൻപാറ എന്നിവ വിസ്മയക്കാഴ്ചയാണ്. എന്നിട്ടും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇവയുടെ കാര്യത്തിൽ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് ആക്ഷേപം. ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന സവിശേഷതകളുള്ള ഇടത്താവളമാണിത്. അതിനാൽ ഇവയ്ക്കായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ചരിത്രപഠനത്തിന് ഉതകുന്നതുമാണ് പാണ്ഡവൻപാറ. പട്ടണത്തിന്റെ മദ്ധ്യത്തിൽ നിന്ന് 15കി.മി അകലെ 23-ാം വാർഡിൽ മലയിൽ പ്രദേശത്താണ് പാണ്ഡവൻപാറ. പാണ്ഡവർ വനവാസകാലത്ത് താമസിച്ചതായി പറയപ്പെടുന്ന പാറക്കൂട്ടവും പ്രകൃതി സൗന്ദര്യവും സഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷിക്കുന്നു. രണ്ടുവർഷം മുമ്പ് ടൂറിസം ഡെവല്‌പമെന്റ് കോർപ്പറേഷൻ ഈ മേഖലയ സഹായിക്കാൻ എത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഭീമന്റെ കാൽപ്പാദങ്ങൾ, മുറുക്കാൻ ചെല്ലം, സിംഹാസനം, താമര ആകൃതിയിലെ സ്‌തൂപങ്ങൾ, ആനയുടെ ആകൃതിയിലെ പാറ ഇവയെല്ലാം സഞ്ചാരികളുടെ മനം കവരുന്നതാണ്.

പാറക്കെട്ടുകൾക്ക് മുകളിൽ ജലസ്രോതസും

പാറക്കെട്ടുകൾക്ക് മുകളിൽ ജലസ്രോതസുമുണ്ട്. ഇതിനെ കന്യാകുമാരി എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഏതു കൊടുംവരൾച്ചയിലും ഈ കുളം വറ്റില്ല. പടിപ്പുരയിൽ നിന്ന് 100മീറ്റർ വടക്കു കിഴക്കാണ് കുളം. ചെങ്ങന്നൂരിലെ പാണ്ഡവൻപാറയും സമീപ പ്രദേശങ്ങളും ഉൾപ്പെടെ അഞ്ചര ഹെക്ടർ സ്ഥലത്താണ് മുമ്പ് ടൂറിസം വികസന കോർപ്പറേഷൻ ടൂറിസം പദ്ധതിക്ക് വിഭാവനം ചെയ്തത്. കുട്ടികൾക്ക് പാർക്ക്, വിശ്രമ സങ്കേതം എന്നിവയ്ക്ക് പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ തുടർനടപടികളുണ്ടായില്ല.

.......................

പല പദ്ധതികളും പ്ലാനിൽ വന്നതാണ് എന്നാൽ ഇതുവരെ അതിനൊരു പരിഹാരം കണ്ടിട്ടില്ല ,എത്രയും പെട്ടെന്ന് ജില്ലാ ടൂറിസത്തിൽ ഉൾപ്പെടുത്തിയാൽ ശബരിമല സീസണിൽ അന്യസംസ്ഥാനക്കാർ ഇവിടെ വരുവാനുള്ള സാദ്ധ്യത കൂടുതലാണ് .

സുരേഷ്

(സ്ഥലവാസി )