
ശബരിമല: തോരാമഴയിലും ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം തുടരുന്നതോടെ കനത്തജാഗ്രതയിൽ അധികൃതർ. ഇന്നലെ അരലക്ഷത്തിലധികം തീർത്ഥാടകരെത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ച വ്യാഴാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ 68 മില്ലിമീറ്റർ മഴ പെയ്തു. നിലയ്ക്കലിൽ 73 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
സ്വാമി അയ്യപ്പൻ റോഡിലെ 11-ാം വളവിൽ ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായി. റോഡിലേക്ക് വീണ മണ്ണ് നീക്കംചെയ്ത ശേഷമാണ് തീർത്ഥാടകരുടെ യാത്ര അനുവദിച്ചത്. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി. കാനനപാതകളിൽ വഴുക്കൽ കാരണം തെന്നിവീഴാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ആറാട്ടുകടവിലെ തടയണകളുടെ ഷട്ടറുകൾ പരമാവധി ഉയർത്തി. ജല അതോറിട്ടിയുടെ ചെറുതടയണകളുടെ ഇടതുകരയിലെ ഷട്ടർ 1.20 മീറ്റർ ഉയർത്തി. മദ്ധ്യഭാഗത്തെ രണ്ട് ഷട്ടറുകൾ ഉയർത്തി മാറ്റിവച്ചു. പമ്പാസ്നാനത്തിന് നിയന്ത്രണമുണ്ട്. ആറാട്ടുകടവിൽ എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ് സേനാംഗങ്ങളെ നിയോഗിച്ചു.
നീരൊഴുക്ക് ശക്തം
ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിലും വലിയതോട്ടിലും നീരൊഴുക്ക് ശക്തമാണ്. ശബരിമല മേഖലയിൽ അടുത്ത ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എ.ഡി.എം അരുൺ എസ്. നായരുടെ നേതൃത്വത്തിൽ സന്നിധാനത്തും പമ്പയിലും ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
ശബരിമല: കോൺട്രാക്ട്
കാര്യേജ് വാഹനങ്ങൾക്ക്
പാർക്കിംഗ് അനുമതിയില്ല
കൊച്ചി: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന പാർക്കിംഗ് സൗകര്യം, നിലയ്ക്കൽ - പമ്പ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് അനുവദിക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.
അനധികൃത പാർക്കിംഗിന് 10 സ്വകാര്യ സർവീസുകാർക്കെതിരെ കേസെടുത്തെന്ന് സർക്കാർ അറിയിച്ചു. മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇക്കാര്യം വിശദീകരിച്ച് പത്തനംതിട്ട ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ഫയൽ ചെയ്യുമെന്നും സർക്കാർ അറിയിച്ചു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പത്തനംതിട്ട ജില്ലയിൽ തീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പമ്പയുടെ തീരത്ത് എൻ.ഡി.ആർ.എഫ് അംഗങ്ങളെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങളെക്കുറിച്ച് തീർത്ഥാടകരെ അനൗൺസ്മെന്റിലൂടെയും മറ്റും അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.