 
പത്തനംതിട്ട: മഴ പെയ്യുമ്പോൾ നഗരത്തിലെ സ്റ്റേഡിയം ബസ് സ്റ്റോപ്പിന് മുൻവശം വെള്ളക്കെട്ടാകുന്നു. ഇതുകാരണം കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിറുത്തുന്നില്ല. എല്ലാ മഴയിലും ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. മലിനവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നുണ്ട്. കാത്തരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക് ജലജന്യ രോഗങ്ങൾക്കും സാദ്ധ്യതയേറെയാണ്. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ഇന്റർലോക്ക് കട്ട പാകിയത് അശാസ്ത്രീയമായിട്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. വെള്ളം ഒഴുകിപ്പോകാൻ ചരിവ് കൊടുക്കാതെയാണ് കട്ട പാകിയത്. കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിലെ ഓടയിലേക്ക് വെള്ളം ഒഴുക്കി വിടാൻ കഴിയുമായിരുന്നു. ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷം ബസുകൾ കാത്തിരിപ്പു കേന്ദ്രത്തിനോട് ചേർത്ത് നിറുത്താനായി റോഡിൽ പൊലീസ് ട്രാഫിക് കോണുകൾ വച്ചിട്ടുണ്ട്. ഇതേതുടർന്ന് വെള്ളക്കെട്ടിലേക്ക് ബസുകൾ ഇറക്കി നിറുത്തേണ്ടി വരും. ഇതൊഴിവാക്കാൻ ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്തുന്നതിനു മുൻപായി നിറുത്തുന്നു. കോളേജ് ജംഗ്ഷനിൽ നിന്ന് സെന്റ്പീറ്റേഴ്സ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ബസുകൾ നിറുത്തുന്നതു കാരണം ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.
കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിലെ ഇന്റർലോക്ക് കട്ട ഇളക്കി ഇവിടെ ഉയർത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുകാൻ പാകത്തിൽ ചരിവ് കൊടുത്ത് ഇന്റർലോക്ക് ചെയ്താൽ വെള്ളക്കെട്ട് ഒഴിവാക്കാമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
.........................................
വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാത്ത് വകുപ്പ് തയാറാകണം.
പ്രകാശ്, യാത്രക്കാരൻ