 
തിരുവല്ല: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തുടർച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന അപ്പർകുട്ടനാട്ടിലെ കാർഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പ്രത്യേക കാർഷികപാക്കേജ് ആവിഷ്കരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സി.പി.എം തിരുവല്ല ഏരിയാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന പൊതുചർച്ചയ്ക്ക് ഏരിയാ ആക്ടിംഗ് സെക്രട്ടറി പി.ബി.സതീശ് കുമാറും ജില്ലാ കമ്മറ്റിക്കുവേണ്ടി സെക്രട്ടറി കെ.പി. ഉദയഭാനുവും മറുപടി നൽകി. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ, പി.ജെ.അജയകുമാർ, അഡ്വ.ആർ.സനൽകുമാർ, ടി.ഡി.ബൈജു, ഓമല്ലൂർ ശങ്കരൻ, പി.ബി.ഹർഷകുമാർ, പി.ആർ.പ്രസാദ്, നിർമ്മലാദേവി, സ്വാഗതസംഘം കൺവീനർ ജോസഫ് തോമസ്, ഏരിയാ കമ്മറ്റിഅംഗം കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറിയായി ബിനിൽകുമാറിനെയും 21അംഗ ഏരിയാ കമ്മറ്റിയേയും 26അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് 4ന് സൈക്കിൾ മുക്കിൽ നിന്ന് പ്രകടനവും റെഡ് വാളന്റിയർ മാർച്ചും ആരംഭിക്കും. തുടർന്ന് ആലംതുരുത്തി ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ബിനിൽകുമാർ ഏരിയാ സെക്രട്ടറി
സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറിയായി ബിനിൽകുമാറിനെ ഐകകണ്ഠേന തിരഞ്ഞെടുത്തു. വിദ്യാർത്ഥി സംഘടനയിലൂടെ പ്രവർത്തിച്ചു പരുമല പമ്പാ കോളേജിൽ എസ്.എഫ്.ഐ യുണിറ്റ് സെക്രട്ടറിയായി. തുടർന്ന് ഡി.വൈ.എഫ്.ഐ ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. പിന്നീട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി, നെടുമ്പ്രം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗമാണ്, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ, മദ്യവ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.