 
അടൂർ: ഏഴംകുളം - കൈപ്പട്ടൂർ റോഡ് നവീകരണത്തിന് വീട് പൊളിക്കുന്നതിൽ ആശങ്കയുമായി ഒരുകുടുംബം. ഏഴംകുളം ഗവ.എൽ.പി സ്കൂളിന് സമീപം പ്രദീപ് നിവാസിൽ പ്രമോദ് കൃഷ്ണനാണ് തന്റെ വീട് നഷ്ടമായാൽ പകരം വീടു വച്ചു നൽകുകയോ വീട് വയ്ക്കാനുള്ള പണം നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ഏഴംകുളം - കൈപ്പട്ടൂർ റോഡ് വികസനത്തിനായി തന്റെ സ്ഥലം വിട്ടു നൽകാൻ പ്രമോദ് കൃഷ്ണൻ തയ്യാറാണ്. ഇതോടൊപ്പം വീടിന്റെ മുൻവശവും പൊളിച്ചുമാറ്റേണ്ടി വരും. പക്ഷേ പുതിയ വീട് നിർമ്മിച്ച് നൽകുന്നതിനെപ്പറ്റി ബന്ധപ്പെട്ടവരിൽ നിന്ന് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് പ്രമോദ് പറഞ്ഞു. 40 വർഷത്തിലധികം പഴക്കമുള്ള വീടായതിനാൽ മുൻവശം പൊളിക്കുമ്പോൾ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കും. കെ.ആർ.എഫ്.ബിയിൽ അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഏഴംകുളം - കൈപ്പട്ടൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൊളിക്കേണ്ടി വരുന്ന ഏക വീടും പ്രമോദിന്റേതാണ്. വീട് പൊളിച്ചു പണിയുന്നതിന് 33 ലക്ഷം രൂപ ചെലവുവരും. അതേസമയം മതിൽ കെട്ടി നൽകാൻ മാത്രമേ സാധിക്കുവെന്നാണ് കരാറുകാരൻ പറയുന്നത്.