 
മല്ലപ്പള്ളി: 2019 - 20 ൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ താലൂക്കിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ മൂന്ന് എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം വാടക കെട്ടിടത്തിൽ. കുന്നന്താനം, കോട്ടാങ്ങൽ , എഴുമറ്റൂർ വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവർത്തികളാണ് പൂർത്തിയായത്. മുൻപ് ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയെത്തുടർന്ന് രണ്ടര വർഷങ്ങൾക്ക് മുൻപാണ് പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.അവസാന മിനുക്ക് പണികളും , വൈദ്യുതീകരണ ജോലികളും വാതിൽ, ജനൽ പാളികൾ, ചുറ്റുമതിൽ, ഗേറ്റ് എന്നിവയുടെ നവീകരണവും വെള്ളപൂശലും പൂർത്തിയായിട്ട് മൂന്നുമാസം പിന്നിട്ടു.അടഞ്ഞുകിടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് ഇഴജന്തുക്കൾ കടക്കുന്നതായി ആക്ഷേപമുണ്ട്. കുന്നന്താനം, എഴുമറ്റൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന് 1375 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. 44 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിതി കേന്ദ്രമാണ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കിയത്. 44 ലക്ഷം രൂപ ചെലവിൽ 1400 ചതുരശ്ര വിസ്തീർണ്ണത്തിലാണ് കോട്ടാങ്ങൽ വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയായത്. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസർ മുറിയും, ജീവനക്കാർക്കായി വേർതിരിച്ച ഹാൾ, റെക്കാഡ് റൂം,സന്ദർശകർക്കുള്ള വിശ്രമമുറി അനുബന്ധ ടോയ്ലെറ്റ് എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
എങ്ങുമെത്താതെ പുറമറ്റം വില്ലേജ് ഓഫീസ്
അവസാനം അനുമതി ലഭിച്ച കുന്നന്താനം വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ടും ആദ്യ ഘട്ടത്തിൽ പണിയാരംഭിച്ച പുറമറ്റം വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തികൾ നിലച്ച സ്ഥിതിയിലാണ്. 1200 ചതുരശ്രയടി വിസ്തീർമുള്ള ഇരുനിലകളിലുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിന് 44 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.5 ജീവനക്കാരുള്ള വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഒരു മുറിയിലാണ് നടക്കുന്നത്.ഇവിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ നാല് വനിതാ ജീവനക്കാരാണുള്ളത്.കരാറുകാരന് പണം നൽകിയില്ലെന്നതാണ് പണികൾ മുടങ്ങാൻ കാരണമെന്നാണ് സൂചന.