
അടൂർ: നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) പതിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ലെൻസ് ഫെഡ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം അടൂർ നഗരസഭ ചെയർപേഴ്‌സൺ ദിവ്യ റജി മുഹമ്മദും ലെൻസ്‌ഫെഡ് ക്ഷേമനിധി ആപ്പിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാറും നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെ സംസാരിച്ചു.
ചീഫ് ടൗൺ പ്ലാനർ ഷിജി.ഇ.ചന്ദ്രൻ, ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ.ടി, പി.ആർ.ഒ എം.മനോജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോൺ ലൂയിസ്, ബിജോ മുരളി, എ.പ്രദീപ് കുമാർ, കെ.എസ്.ഹരീഷ്, കെ.ഇ.മുഹമ്മദ് ഫസൽ, കെ.സുരേന്ദ്രൻ, ഇ.പി.ഉണ്ണികൃഷ്ണൻ, സംസ്ഥാന കറസ്‌പോണ്ടന്റ് സെക്രട്ടറി അനിൽകുമാർ.പി.ബി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആർ.ജയകുമാർ, കുര്യൻ ഫിലിപ്പ്, ബിനു സുബ്രഹ്മണ്യൻ, അഷിഷ് ജേക്കബ്, സലിൽ കുമാർ.പി.സി, എ.സി.മധുസൂദനൻ, ഹയർ എജ്യൂക്കേഷൻ ചെയർമാൻ പി.എം.സനിൽകുമാർ, സംസ്ഥാന സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗം കെ.മനോജ് കുമാർ, ജില്ലാ പ്രസിഡന്റ് ബിൽടെക് ജി.ജയകുമാർ, ജില്ലാ സെക്രട്ടറി വസന്ത ശ്രീകുമാർ, ജില്ലാ ട്രഷറർ കുഞ്ഞുമോൻ കെങ്കിരേത്ത് എന്നിവർ പ്രസംഗിച്ചു.
കൺവെൻഷന്റെ ഭാഗമായി മിനി ബിൽഡ് എക്‌സ്‌പോയും നൂതനവും വ്യത്യസ്തവുമായ നിർമ്മാണസാമഗ്രികളും വിവിധ നിർമ്മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന പ്രദർശനവും സമ്മേളനഗരിയിൽ ഒരുക്കിയിരുന്നു.
കെ-സ്മാർട്ട് ട്രയൽ റൺ നടത്തി കുറ്റമറ്റതാക്കിയതിനു ശേഷം മാത്രമേ പഞ്ചായത്തുകളിൽ നടപ്പാക്കാൻ പാടുള്ളു, കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും സർക്കാർ സംവിധാനം കൊണ്ടു വരണം, നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു.