road-
പഴവങ്ങാടി പഞ്ചായത്തിൻറെ പരിധിയിൽ ചെത്തോങ്കര - അത്തിക്കയം പാതയിൽ മിൽമയുടെ യാതൊരു സുരക്ഷയുമില്ലാതെ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡ്

റാന്നി: വഴിയരികിൽ സുരക്ഷാ മാനദണ്ഡവും പാലിക്കാതെ മരക്കമ്പിൽ കെട്ടി നിറുത്തിയ മിൽമ്മയുടെ പരസ്യ ബോർഡുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചെത്തോങ്കര - അത്തിക്കയം പാതയിലാണ് അഞ്ചോളം പരസ്യ ബോർഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപിച്ചത്. ഇതിൽ ചെത്തോങ്കര ഭാഗത്ത് സ്ഥാപിച്ച ഫ്ളക്സ് ബോർഡ് ആകട്ടെ കാറ്റിൽ ചരിഞ്ഞു എപ്പോൾ വേണമെങ്കിലും റോഡിലേക്ക് വീഴുന്ന സ്ഥിതിയാണ്. വഴിയരികിലെ പരസ്യ ബോർഡുകൾക്കെതിരെ കർശന നിയന്ത്രണം നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാത്ത സ്ഥിതിയാണ്. ഒരു സ്ഥാപനത്തിന്റെ പരസ്യം ഇത്തരത്തിൽ റോഡരികിൽ സുരക്ഷ ഇല്ലാതെയാണ് സ്ഥാപിച്ചിരിക്കുന്നത്. തൊട്ടടത്തു ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി ദിവസവും കടന്നു പോകുന്നത്. കൂടാതെ കാറ്റടിച്ചു വാഹനങ്ങൾക്കും മുകളിൽ പതിച്ചാൽ വലിയ അപകടങ്ങളും സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ചെത്തോങ്കര - അത്തിക്കയം പാതയിൽ പഴവങ്ങാടി പഞ്ചായത്തിന്റെ പരിധിയിൽ നാലും നാറാണംമൂഴി പഞ്ചായത്തിന്റെ പരിധിയിൽ ഒന്നും ഫ്ളക്സ് ബോർഡുകൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.