cnd-rail
ചെറിയനാട് റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിൽ

ചെങ്ങന്നൂർ: മാസങ്ങൾക്ക് മുമ്പ് വൃത്തിയാക്കിയ ചെറിയനാട് റെയിൽവെ സ്റ്റേഷനും പരിസരവും വീണ്ടും കാടുമൂടി. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ കൊണ്ടുവയ്ക്കുന്ന വാഹനങ്ങൾക്കും സുരക്ഷയില്ല. ചെറിയനാട് മാമ്പള്ളിപ്പടി സ്വദേശിയുടെ ബൈക്ക് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. അതിനുമുമ്പും നിരവധി വാഹനങ്ങൾ ഇവിടെ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങളോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നെന്ന പരാതിയും വ്യാപകമാണ്. ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധരുടെ ആവാസ കേന്ദ്രമാണ് സ്റ്റേഷൻപരിസരം. ഈ ഭാഗത്ത് എവിടെയും നിരീക്ഷണ ക്യാമറകളില്ല. സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഒന്നിനും തുടർപ്രവർത്തനങ്ങൾ ഉണ്ടാകാത്തതാണ് തിരിച്ചടിയായത്.

പദ്ധതികൾ ഏറെ,​ഒന്നും നടപ്പാകുന്നില്ല

ശിതീകരിച്ച പഴം, പച്ചക്കറി ഗോഡൗൺ സ്ഥാപിക്കാൻ 2015ലെ റെയിൽവേ ബഡ്ജറ്റിൽ 40ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനു കീഴിൽ ഗോഡൗൺ സ്ഥാപിക്കാനായിരുന്നു പദ്ധതി. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലികൾ നടന്നു. എന്നാൽ, പദ്ധതി മാത്രം വന്നില്ല. ഇതിനു മുൻപു റെയിൽനിർ കുപ്പിവെള്ള ഫാക്ടറി സ്ഥാപിക്കുന്നതിനു സ്ഥലം ഉപയോഗപ്പെടുത്താനും റെയിൽവേ ആശുപ്രതിയുടെ ഹൃദ്രോഗവിഭാഗം ചെറിയനാട്ട് തുടങ്ങാനും ആലോചിച്ചെങ്കിലും അതും പാഴ്വാക്കായി.

...............................................

ശബരിമല സീസണിൽ പല രീതിയിൽ ഈ റെയിൽവേ സ്റ്റേഷൻ ഉപയോഗിക്കുവാൻ കഴിയും. നിലവിൽ ഫ്ലാഗ് സ്റ്റേഷനായ ഇവിടം ക്രോസിംഗ് സ്റ്റേഷനാക്കി ഉയർത്തിയാൽ കുടുതൽ റെയിൽപാളങ്ങൾ നിർമ്മിക്കുകയും ട്രെയിനുകളുടെ ഹാൾട്ടിംഗ് സ്റ്റേഷനാക്കുകയും ചെയ്യാം.

ശ്രീകാന്ത്

(സ്ഥിരം യാത്രക്കാരൻ)​