kattachira-road
റോഡ്

ചിറ്റാർ: ചിറ്റാർ- നീലിപിലാവ് -കട്ടച്ചിറ -കുടപ്പന റോഡ് തകർന്നു തരിപ്പണമായിട്ടും അധികൃതർക്ക് തിരിഞ്ഞു നോക്കുന്നില്ല. ഈ റൂട്ടിൽ ബസ് സർവീസ് നിലച്ചിട്ട് നാലുവർഷത്തിലേറെയായി. പ്രദേശവാസികളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥകാരണം ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ ഓട്ടം വരാത്ത സ്ഥിതിയാണ്. ബസ് സർവീസ് ഉൾപ്പെടെ ഘട്ടംഘട്ടമായി നിറുത്തി. കട്ടച്ചിറ, കുടപ്പന പ്രദേശങ്ങൾ ഒറ്റപ്പെട്ട കിടക്കുന്നതിനാൽ പ്രദേശവാസികൾ ചിറ്റാർ മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. രണ്ട് വർഷം മുൻപ് മണിയാർ ജംഗ്ഷൻ മുതൽ എട്ടാം ബ്ലോക്കു വരെ മൂന്ന് കിലോമീറ്ററോളം ടാറിംഗ് നടത്തിയിരുന്നു. 70 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് നടത്തിയത്. റീബിൽഡ് കേരളയിൽ നിന്ന് ഫണ്ട് അനുവദിച്ചാണ് നിർമ്മാണം നടത്തിയത്. വടശേരിക്കര പഞ്ചായത്തിലെ എട്ടാം വാർഡിനെയും -ചിറ്റാർ പഞ്ചായത്തിലെ 11-ാം വാർഡിനെയും തമ്മിൽ ബന്ധിക്കുന്ന റോഡാണിത്. 2000ൽ അധികം കുടുംബങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ട്. കുടപ്പനകുളം വനമേഖല പ്രദേശങ്ങളിലെ നാനുറിലേറെ കുടുംബങ്ങൾ യാത്രാ സൗകര്യം ഇല്ലാതെ ഒറ്റപ്പെടുന്നുണ്ട്. മാത്രമല്ല കോന്നി മണ്ഡലത്തിലെ കട്ടച്ചിറ - ചിറ്റാർ വില്ലേജിലും കുടപ്പനകുളം തണ്ണിത്തോട് വില്ലേജിലുമാണ് ഉൾപ്പെടുന്നത്. കുടപ്പനകുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ - തണ്ണിത്തോട് റോഡിലെ നീലിപിലാവിൽ എത്തി ചുറ്റി കറങ്ങേണ്ടിവരുന്നു. നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന ചിറ്റാർ - നീലിപിലാവ് -കട്ടച്ചിറ -കുടപ്പന റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

....................................................

പ്രദേശവാസികൾ ഓട്ടം വിളിച്ചാൽ പോലും പോകാൻ പറ്റാത്ത സ്ഥിതിയാണ്.

നിലവിൽ എത്രയും വേഗം ഇതിന് പരിഹാരം കാണണം.

അഖിൽ ടാക്സി ഡ്രൈവർ

(പ്രദേശവാസി )

............................

ബസ് സർവീസ് നിലച്ചിട്ട് 4 വർഷം