s

ശബരിമല : അതീതീവ്ര മഴ പ്രവചിച്ചിരുന്ന വെള്ളി, ശനി ദിവസങ്ങളിൽ 48 മണിക്കൂറിനുള്ളിൽ ശബരിമലയിൽ പെയ്തത് 100 മില്ലീമീറ്റർ മഴ. വെള്ളിയാഴ്ച പുലർച്ചയാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 27 മില്ലിമീറ്റർ. ഇതേസമയം പമ്പയിൽ 24.2 മില്ലിമീറ്റർ മഴ രേഖപ്പടുത്തി. ഇത് പമ്പയിലെ ഏറ്റവും ഉയർന്ന കണക്കാണ്.

മണ്ഡലകാലം തുടങ്ങിയ നവംബർ 15 നാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഓരോ മഴമാപിനികൾ സ്ഥാപിച്ചത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയിൽ പൊലീസ് മെസിന് സമീപവുമാണ് മഴ മാപിനികൾ . ഓരോ മൂന്ന് മണിക്കൂറും ഇടവിട്ട് ഈ മൂന്ന് ബേസ് സ്റ്റേഷനുകളിൽ നിന്നും മഴയുടെ അളവെടുക്കുന്നതിനാൽ ശബരിമലയിൽ പെയ്യുന്ന മഴയുടെ കൃത്യമായ കണക്ക് ലഭിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് രാവിലെ 8.30 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിലാണ് മഴക്കണക്ക് എടുക്കുന്നത്.

ശബരിമലയിലെ മഴയുടെ അളവെടുക്കാനുള്ള സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഏഴ് പേരും പമ്പയിലും നിലയ്ക്കലിലും ആറു പേർ വീതവും 24 മണിക്കൂറും ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇതിനുപുറമേ പത്തനംതിട്ട കളക്ടറേറ്റിൽ രണ്ടു പേരുമുണ്ട്.

നേരത്തെ ശബരിമലയിൽ മാത്രം പെയ്യുന്ന മഴയുടെ കൃത്യമായ അളവ് രേഖപ്പെടുത്താൻ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ശബരിമലയിലേക്ക് മാത്രമായി മഴമാപിനികൾ വേണമെന്ന് കുറേക്കാലമായി ആലോചനയിൽ ഉണ്ടായിരുന്നെങ്കിലും ഇത്തവണയാണ് സ്ഥാപിക്കാൻ സാധിച്ചത്.

പ്രതികൂല കാലാവസ്ഥയിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മൂന്നിടത്ത് നിന്നും ലഭിക്കുന്ന മഴയുടെ അളവ് വളരെയധികം ഉപകാരപ്രദമാണ്. സീതത്തോടിലെ വെതർ സ്റ്റേഷനും ഇപ്പോൾ പ്രവർത്തനക്ഷമമാണ്.

അരുൺ.എസ്. നായർ (ശബരിമല എ.ഡി.എം)