ccc

പത്തനംതിട്ട : ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ശല്യമായി ഭിക്ഷാടകർ മാറുകയാണ്. ബസ് സ്റ്റോപ്പുകളിൽ ബസ് കാത്തിരിക്കാൻ പറ്റാത്ത അവസ്ഥ. കുട്ടികളടക്കം എത്തി യാത്രക്കാരോട് പണം ആവശ്യപ്പെടുകയാണ്. പണം നൽകിയില്ലെങ്കിൽ ചിലർ ചീത്ത പറയും. മറ്റ് ചിലർ കയ്യിലുള്ള വടി ഉപയോഗിച്ച് അക്രമിക്കാൻ ശ്രമിക്കും. പ്രായഭേദമന്യേയാണ് ഇത്തരത്തിൽ പണം ആവശ്യപ്പെട്ടുള്ള വരവ്. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, പന്തളം, അടൂർ, റാന്നി തുടങ്ങി ജില്ലയിലെ എല്ലാ പ്രധാന സ്ഥലങ്ങളും രാവും പകലുമില്ലാതെ ഭിക്ഷാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

തമിഴ്നാട് , കർണാടകാ സ്വദേശികളാണ് ഭിക്ഷയെടുക്കുന്നവരിലധികവും. രണ്ട് ദിവസങ്ങളിലായി ആറ് പേരെ കഴിഞ്ഞ ദിവസം സാമൂഹ്യ നീതി വകുപ്പിന്റെ സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ശബരിമല തീർത്ഥാടനം ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിലുള്ളവരെ ജില്ലയിൽ കൂടുതലായി കാണുന്നത്. ഇവരെ നിയന്ത്രിക്കാനായി ബന്ധപ്പെട്ടവരടക്കം നിസംഗ മനോഭാവമാണ് കാണിക്കുന്നത്.

പിടികൂടിയത് 6 പേരെ, താമസിപ്പിക്കാൻ സ്ഥലമില്ല

വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന ഭിക്ഷാടകരെ താമസിപ്പിക്കാൻ സ്ഥലമില്ലാത്തതാണ് നിലവിലെ പ്രശ്നം. അതുകൊണ്ട് അധികൃതർ പലപ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. പത്തനംതിട്ട നഗരസഭാ പരിധിയിലടക്കം ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രിയും പകലുമില്ലാതെ ഭിക്ഷാടകർ തെരുവിലുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളിലും കടത്തിണ്ണകളിലും കിടന്ന് ഉറങ്ങുന്നവരുണ്ട്.

ആകെ മൂന്ന് യാചക മന്ദിരങ്ങൾ

ജില്ലയിൽ ആകെ മൂന്ന് യാചക മന്ദിരങ്ങളാണുള്ളത്. അടൂർ, റാന്നി, കുമ്മണ്ണൂർ

എന്നിവിടങ്ങളിലാണത്. കഴിഞ്ഞ ദിവസം പിടിച്ച ഭിക്ഷാടകരെ അടൂരിലെ മഹാത്മ ജനസേവന കേന്ദ്രത്തിലേക്കാണ് മാറ്റിയത്. മുമ്പ് ഭിക്ഷാടനത്തിന് വന്നപ്പോൾ പിടികൂടിയവരെയാണ് ഇത്തവണ വീണ്ടും പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ വർഷം കുടുംബമെത്തി ഇവരെ മോചിപ്പിച്ച് കൊണ്ട് പോയതാണ് .

സാമൂഹ്യ നീതി വകുപ്പിന്റെ സ്ക്വാഡ് ഭിക്ഷാടകരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. കുട്ടികളുമായി കുടുംബമായി എത്തുന്നവരുണ്ട്. പിടികൂടുന്നവരെ യാചക മന്ദിരത്തിലേക്കാണ് മാറ്റുന്നത്.

ഷംല ബീഗം,

സാമൂഹ്യ നീതി ഓഫീസർ