കോന്നി: മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസുകൾ തുടങ്ങണമെന്ന് ആവശ്യം ശക്തമാകുന്നു. കോന്നിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്ആർ.ടി.സി.യുടെ ഏക ഓർഡിനറി സർവീസ് പലപ്പോഴും മുടങ്ങുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളേജിലേക്ക് കൂടുതലും സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കോന്നി കെ.എസ്ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്ന് 5 ഓർഡിനറി സർവീസുകളാണ് മെഡിക്കൽ കോളജിലേക്ക് ദിവസവും സർവീസ് നടത്തുന്നത്. അടൂർ ഡിപ്പോയിൽ നിന്ന് ഒരു സർവീസും നടത്തുന്നുണ്ട്. കോന്നിയിൽ നിന്ന് രാവിലെ 7.40, 8, 9.45, ഉച്ചകഴിഞ്ഞ് 12.40, 1. 20 എന്നീ സമയങ്ങളിലാണ് മെഡിക്കൽ കോളജിലേക്ക് ഓർഡിനറി സർവീസ് നടത്തുന്നത്. അടൂർ ഡിപ്പോയിൽ നിന്നുള്ള ഏക സർവീസ് രാവിലെ 9.10ന് കോന്നിയിൽ എത്തും.
നിരവധി സർവീസുകൾ നിലച്ചു
മെഡിക്കൽ കോളേജിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചപ്പോൾ പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ ഡിപ്പോകളിൽ നിന്ന് കെ.എസ്ആർ.ടി.സി സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീടവ നിലച്ചു. കോന്നി ഡിപ്പോയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് 20 മിനിട്ട് ഇടവിട്ട് ചെയിൻ സർവീസുകളും മറ്റ് ഡിപ്പോകളിൽ നിന്നുള്ള പുതിയ സർവീസുകൾ ആരംഭിക്കാനും ഉദ്യോഗസ്ഥ തലത്തിൽ മുൻപ് തീരുമാനമെടുത്തെങ്കിലും നടപ്പാകാതെ പോയി. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന സാധാരണക്കാരായ രോഗികൾ കോന്നിയിൽ എത്തിയശേഷം മെഡിക്കൽ കോളേജിലേക്ക് പോകാൻ പ്രധാനമായും സ്വകാര്യ ബസുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും കോന്നിയിൽ നിന്നും കെ.എസ്ആർ.ടി.സി കൂടുതൽ സർവീസുകൾ മെഡിക്കൽ കോളേജിലേക്ക് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
......................................
മെഡിക്കൽ കോളേജിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം
പ്രവീൺ പ്ലാവിളയിൽ
( കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം )
........................
ദിവസവും സർവീസ് നടത്തുന്നത് 5 ബസ് സർവീസുകൾ