തിരുവല്ല : തിരുവല്ലയിൽ 2500ലധികം ക്രിസ്മസ് പാപ്പാമാർ സംഗമിക്കുന്ന സാന്റാ ഹാർമണി സന്ദേശറാലി 18ന് നടക്കും. മദ്ധ്യതിരുവിതാംകൂറിന്റെ ആരോഗ്യനഗരിയായ തിരുവല്ലയിൽ പൗരാവലിയുടെയും വിവിധ ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും സംയുക്താതാഭിമുഖ്യത്തിലാണ് സംഗമം ഒരുക്കുന്നത്. 18ന് വൈകിട്ട് 3.30ന് എം.സി.റോഡിൽ രാമൻചിറ ബൈപ്പാസിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ പ്രാർത്ഥന ഗാനത്തോടെ സമ്മേളനം ആരംഭിക്കും. വിവിധ മതപുരോഹിതർ സമാധാന സന്ദേശം നൽകും. അഡ്വ.മാത്യു ടി. തോമസ് എം.എൽ.എ സാന്റാ ഹാർമണി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ സന്ദേശറാലി ഫളാഗ് ഓഫ് ചെയ്യും. ബുള്ളറ്റ് ക്ലബ്ബിന്റെ ഇരുചക്ര വാഹനറാലിയുടെ പിന്നിലായി വിളംബര വാഹനവും വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിങ്ങും അണിനിരക്കും. പ്രധാന ക്രിസ്മസ് പാപ്പയെ വഹിക്കുന്ന വില്ലുവണ്ടിയും ബാനറും ചെണ്ടമേളവും നാലുവരിയായി 2500ലധികം പാപ്പമാരും പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളുമായി റാലിയുടെ പിന്നിലായി ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പൊതുസമൂഹവും പ്രത്യേക വേഷവിധാനത്തോടെ അണിനിരക്കും.സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സമാപിക്കുന്ന റാലിയെ കരിമരുന്നു കലാപ്രകടനത്തോടെ വരവേൽക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് സമാപനസന്ദേശം നൽകും. വ്യാപാരസ്ഥാപനങ്ങൾ ഒരുക്കുന്ന മികച്ച അലങ്കാരങ്ങൾക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ട്. 17ന് രാവിലെ 7.30ന് സാന്റാ ഹാർമണിയുടെ വിളംബരജാഥ നടക്കും.


സാന്റാ ഹാർമണി സാംസ്ക്കാരിക സമ്മേളനം
തിരുവല്ലയിൽ ഒരുക്കുന്ന സാന്റാ ഹാർമണി സന്ദേശറാലിയുടെ മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം മെഡിക്കൽ മിഷൻ ആശുപത്രി സി.ഇ.ഒ. ബെന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി സി.ഇ.ഒ. റവ.ഡോ.ബിജു പയ്യംപള്ളിൽ, നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരി, ബിലിവേഴ്സ് മെഡിക്കൽ കോളേജ് ഫിനാൻസ് മാനേജർ ശ്യാംകൃഷ്ണൻ, ഫാ.എബി വടക്കുംതല, എം.സലിം, കെ.പ്രകാശ് ബാബു, സജി ഏബ്രഹാം, ജിജോ മാത്യു, ബാബു കല്ലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.