 
പത്തനംതിട്ട: സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് ഇപ്പോളുണ്ടാക്കിയിരിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധനയുടെ കാരണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലയിലെ ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ നിരക്കിൽ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് വേണ്ടിയുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ ദീർഘകാല കരാർ റദ്ദാക്കിയിട്ട് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുവാൻ പിണറായി സർക്കാർ എടുത്ത തീരുമാനം മൂലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ജനദ്രോഹപരമായ അമിത വൈദ്യുതി നിരക്ക് വർദ്ധനയെന്നും ഇതിന്റെ പിന്നിൽ വൻ അഴിമതിയുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സക്കറിയ വർഗീസ്, സിബി താഴത്തില്ലത്ത്, ദീനാമ്മ റോയി, ജെറി മാത്യു സാം എന്നിവർ പ്രസംഗിച്ചു.