anu-nikhil
നിഖിലും അനുവും അച്ഛന്മാർക്കൊപ്പം

കോന്നി: തുടർച്ചയായ റോഡപകടങ്ങളുടെ കണ്ണീരുണങ്ങുംമുമ്പേ ഒരു കുടുംബത്തിലെ നാലു ജീവൻകൂടി നടുറോഡിൽ പൊലിഞ്ഞു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി മുറിഞ്ഞകല്ലിലായിരുന്നു ദുരന്തം. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ പൊലിഞ്ഞ അനു ബിജുവിന്റെ (28) ജന്മദിനമാണിന്ന്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് കുമ്പഴ മല്ലശ്ശേരി പൂത്തേതുണ്ടിയിൽ നിഖിൽ മത്തായിയും (30) നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും (66) അനുവിന്റെ പിതാവ് മല്ലശ്ശേരി വട്ടക്കുളഞ്ഞി പുത്തൻവിള കിഴക്കേതിൽ ബിജു പി.ജോർജും (51) തൽക്ഷണം മരിച്ചിരുന്നു. മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. ഇന്നലെ പുലർച്ചെ നാലിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു ഇരുവരുടെയും പിതാക്കന്മാർ. നിഖിലിന്റെ വീട്ടിലേക്ക് എത്താൻ എഴു കിലോമീറ്റർ മാത്രം ശേഷിക്കേ, കാർ എതിരെയെത്തിയ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാർ ഡ്രൈവ് ചെയ്തിരുന്ന ബിജു പി.ജോർജ് ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജുവും മത്തായി ഈപ്പനുമായിരുന്നു കാറിന്റെ മുൻസീറ്റിൽ. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. തെലങ്കാനയിൽ നിന്നുള്ള തീർത്ഥാടകർ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവരിൽ ചിലർക്ക് നിസാര പരിക്കുണ്ട്.

മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇടത്തിട്ടയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മത്തായി ഈപ്പന്റെ ഭാര്യ സാലി മത്തായി, മകൾ: നിത. ബിജു പി.ജോർജിന്റെ ഭാര്യ നിഷ ബിജു, മകൻ: ആരോൺ.

പ്രണയം ഒന്നിച്ചവർ ജീവിച്ചു തുടങ്ങുംമുമ്പേ

എട്ടുവർഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ നവംബർ 30നാണ് നിഖിലും അനുവും വിവാഹിതരായത്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയിലായിരുന്നു മിന്നുകെട്ട്. ഡിസംബർ രണ്ടിനാണ് ഹണിമൂണിന് മലേഷ്യയിൽ പോയത്.

ഇരുകുടുംബങ്ങളും ഒരേ ഇടവകാംഗങ്ങളും കുടുംബബന്ധം പുലർത്തിയിരുന്നവരുമാണ്. നിഖിലിന് കാനഡയിലാണ് ജോലി. അനു എം.എസ്.ഡബ്ല്യു പൂർത്തിയാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് ജനുവരി 15ന് കാനഡയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മക്കളെ കൂട്ടിക്കൊണ്ടുവരാൻ മത്തായി ഈപ്പനും ബിജു ജോർജും തലേന്ന് രാത്രി 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് നാലുപേരും നാട്ടിലേക്ക് മടങ്ങിയത്.