relationship-

കോന്നി : മുറിഞ്ഞകൽ അപകടത്തിൽ ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്ന അനുവിനെയും കൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് എത്തിയ ആദ്യ ആംബുലൻസ് ഇന്നലെ പുലർച്ചെ അഞ്ചിന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. അനുവിന് ജീവനുണ്ടെന്ന് മനസിലാക്കി ആംബുലൻസ് ഡ്രൈവർ പുനലൂർ സ്വദേശി വിഷ്ണു ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക്. അവിടെ ചെന്നശേഷമാണ് അനു മരണത്തിന് കീഴടങ്ങിയത്.

തിരിച്ചറിഞ്ഞത്ആശുപത്രിയിൽ

പരിശോധനയ്ക്ക് എത്തിയയാൾ

നിഖിൽ, ബിജു പി.ജോർജ്, മത്തായി ഈപ്പൻ എന്നിവരുടെ ചേതനയറ്റ ശരീരങ്ങൾ ഒന്നിന് പുറകെ ഒന്നായി ആംബുലൻസുകളിൽ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും അവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിൽ രക്തപരിശോധനയ്ക്ക് എത്തിയ മല്ലശ്ശേരി സ്വദേശിയാണ് മരിച്ച ബിജുവിനെ തിരിച്ചറിഞ്ഞത്. ഇയാൾ നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. മല്ലശ്ശേരിയിൽ നിന്നും കോന്നിയിൽ നിന്നും നാട്ടുകാരും ബന്ധുക്കളും താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ഏഴ് മണിയോടെ ബിജു പി ജോർജിന്റെയും മത്തായിയുടെയും കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തിയതോടെ ആശുപത്രിയിൽ കൂട്ടനിലവിളി ഉയർന്നു.