കോന്നി : കിഴക്കുപുറം വായനശാല ജംഗ്ഷന് സമീപം അഞ്ച് കാട്ടുപോത്തുകളെ കണ്ടെത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഴക്കുപുറം പൊലിമല ഭാഗത്ത് കാട്ടുപോത്തുകളുടെ സാന്നിദ്ധ്യമുണ്ട്. വനംവകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് പടക്കം പൊട്ടിച്ച് പ്രദേശത്തുനിന്ന് തുരുത്തിയെങ്കിലും ഇവ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജിന്റെ സമീപത്തുകൂടി ഹാരിസൻ മലയാളം പ്ലാന്റേഷന്റെ ചെങ്ങറ തോട്ടത്തിലേക്ക് പ്രവേശിച്ചു. മാസങ്ങളായി കുമ്പഴ തോട്ടത്തിലെ പ്ലാൻകാട് മലനിരകളിൽ കാട്ടുപോത്തുകളുടെ സാന്നിദ്ധ്യമുണ്ട്. കടവുപുഴ വനത്തിൽ നിന്ന് കല്ലാർ കടന്ന് റബർത്തോട്ടത്തിലൂടെ വരുന്ന കാട്ടുപോത്തുകളാണ് കിഴക്കുപുറത്തെ ജനവാസ മേഖലയിൽ എത്തിയത്.