
ശബരിമല : മണ്ഡലകാല തീർത്ഥാടനം ഒരു മാസം പൂർത്തിയായപ്പോൾ ദർശനം നടത്തിയത് 22,67,956 തീർത്ഥാടകർ. കഴിഞ്ഞ വർഷത്തെ ഒരു മാസത്തെ കണക്കിനെക്കാൾ 4,51,043 പേർ കൂടുതലാണിത്. 29 ദിവസം ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയും കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്. ഇതിൽ കഴിഞ്ഞ വർഷത്തേക്കാൾ 22,76,22,481 രൂപയുടെ വർദ്ധനവുണ്ടെന്ന്ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
അരവണയുടെ വിറ്റുവരവ് കഴിഞ്ഞ വർഷം ഇതേകാലയളവിൽ 65,26,47,320 രൂപ ആയിരുന്നപ്പോൾ ഈ വർഷം 17,41,19,730 രൂപയുടെ അധിക വരുമാനമുണ്ടായി. കാണിക്കയിൽ കഴിഞ്ഞ വർഷം ഇതേകാലയളവിൽ ലഭിച്ച തുകയേക്കാൾ 8.35 കോടി രൂപ ഇത്തവണ അധികമെത്തി.ക്രിസ്മസ് അവധിക്കാലമാകുന്നതോടെ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. അപ്പം, അരവണ കരുതൽ ശേഖരമുണ്ട്. തിരക്ക് മുന്നിൽ കണ്ട് പ്രസാദ ഉല്പാദനം വർദ്ധിപ്പിച്ചു.
തങ്കഅങ്കി
ഘോഷയാത്ര 22 ന്
ഈ വർഷത്തെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22 ന് രാവിലെ ആറിന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 25ന് വൈകിട്ട് അഞ്ചിന് സന്നിധാനത്ത് എത്തും. അന്ന് വൈകിട്ട് 6.30ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 26 നാണ് മണ്ഡലപൂജ. പൊലീസും ദേവസ്വം ജീവനക്കാരും ചേർന്ന് നടത്തുന്ന കർപ്പൂരാഴി 23, 24 തീയതികളിൽ നടക്കും.