ചാരുംമൂട്: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഈഴവരുടെ പ്രാധിനിത്യം ഉറപ്പാക്കാൻ സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ചാരുംമൂട് എസ്.എൻ.ഡി.പി യൂണിയൻ നേതൃയോഗം തീരുമാനിച്ചു. ഈഴവ ഭൂരിപക്ഷ പ്രദേശങ്ങളിൽ സമുദായ അംഗങ്ങൾക്ക് വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും സീറ്റുകൾ ഉറപ്പിക്കുന്നതിന് ആവശ്യമായ സംഘടനാ പ്രവർത്തനങ്ങൾക്ക് ശാഖകൾ മുന്നിട്ടിറങ്ങണം. വോട്ടുകുത്തി യന്ത്രങ്ങൾ ആയ സമുദായ അംഗങ്ങൾ പാഠം പഠിച്ചു കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു. രാഷ്ട്രീയകക്ഷികളുടെ നേതൃ സ്ഥാനങ്ങളിൽ നിന്നും ഈഴവ സമുദായ അംഗങ്ങളെ മാറ്റി നിറുത്തുന്ന പ്രവണതയ്‌ക്കെതിരെ തിരഞ്ഞെടുപ്പുകളിൽ ശക്തമായി പ്രതികരിക്കണമെന്ന് യോഗം തീരുമാനിച്ചു. ചാരുംമൂട് യൂണിയനിലെ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി, പോഷക സംഘടന യൂണിയൻ ഭാരവാഹികൾ,മേഖലാ ഭാരവാഹികൾ എന്നിവരുടെ നേതൃസമ്മേളനം യൂണിയൻ ചെയർമാൻ ഡോ.എ വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു . 270 -ാം നമ്പർ പേരൂർ കാരാഴ്മ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ അഡ്വ.സുപ്രമോദ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ സുരേഷ് മുടിയൂർക്കോണം എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗം ഗോപൻ ആഞ്ഞിലിപ്ര സ്വാഗതവും പേരൂർകാരാഴ്മ ശാഖാ പ്രസിഡന്റ് അഡ്വ.പീയൂഷ് ചാരുംമൂട് കൃതജ്ഞതയും പറഞ്ഞു.