 
പത്തനംതിട്ട : നഗരസഭയുടെ പുതുവത്സര സമ്മാനമായി നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് യാർഡ് നാടിന് സമർപ്പിക്കും. പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട് എന്നിവ പൂർത്തിയാക്കി തണൽ മരങ്ങൾ വച്ചു പിടിപ്പിച്ചാണ് തുറന്നുകൊടുക്കുന്നത്.
ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത സായാഹ്ന സവാരിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നടപ്പാതയോട് ചേർന്ന് സജ്ജീകരിക്കുന്നുണ്ട്. തണൽ ഒരുക്കുന്നതിനായി ഇവിടെ മരങ്ങൾ വച്ച് പിടിപ്പിക്കും. ലഭ്യമായ 5 ഏക്കർ സ്ഥലവും പൂർണമായി ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. ബസ് സ്റ്റാൻഡിന്റെ കിഴക്ക് വശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമ്മിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി.
നവീകരണം ഇങ്ങനെ
ബസ് സ്റ്റാൻഡ് യാർഡ്
500 മീറ്റർ നടപ്പാത
ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട്
തണൽ മരങ്ങൾ
അഞ്ച് ഏക്കർ സ്ഥലം
ചെലവിട്ടത് : 5 കോടി രൂപ
പ്രതീക്ഷയാകുന്ന മാസ്റ്റർ പ്ലാൻ
പത്തനംതിട്ട മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്ത മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്‌സിന്റെ ഭാഗമായ പ്രവൃത്തികളാണ് പൂർത്തിയാകുന്നത്. സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ഹാപ്പിനസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം മുകൾ നിലയുടെ നിർമ്മാണം എന്നിവ അതിവേഗം പുരോഗമിക്കുകയാണ്. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്‌പെഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
നഗരജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഭരണസമിതി നടപ്പിലാക്കുന്ന പദ്ധതികൾ അർത്ഥപൂർണ്ണമാകുന്നത് ജനങ്ങൾ ഇവ ഉപയോഗപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യമ്പോളാണ്.
അഡ്വ.ടി.സക്കീർ ഹുസൈൻ
നഗരസഭാ ചെയർമാൻ.