തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം ഇന്ന് കൊടിയേറി 27ന് സമാപിക്കും. ഇന്ന് രാവിലെ 6ന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8ന് നാരകത്രമുട്ട് എസ്.എൻ.ഡി.പി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ചമയകൊടിക്കുള്ള കൊടിക്കൂറയും കയറും എത്തിക്കും. തുടർന്ന് ചമയകൊടിയേറ്റ് നടക്കും. 9ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റും നടക്കും. 20ന് നാരീപൂജയുടെ ഉദ്ഘാടനം പ്രമുഖ സമൂഹിക പ്രവർത്തകയും വ്യവസായിയുമായ റാണി മോഹൻദാസ് നിർവഹിക്കും. 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും. 27ന് രാവിലെ 11.30ന് ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കും. തുടർന്ന് മഞ്ഞനീരാട്ട്. വൈകിട്ട് ഏഴിന് താലപ്പൊലി ഘോഷയാത്ര തുടർന്ന് നൃത്തസന്ധ്യ.