
കോന്നി : നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ചോരപ്പാട് മായുംമുമ്പേ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കൂടൽ പോസ്റ്റാഫീസ് പടിക്കൽ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിച്ച് കൂടൽ മഠത്തിൽ ഗംഗാധരൻ നായർ (80) ആണ് മരിച്ചത്. നിറുത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുമ്പോൾ നടന്നുവരികയായിരുന്ന ഗംഗാധരൻ നായരുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഉടൻ പത്തനാപുരത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കൊട്ടാരക്കരയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.