
പത്തനംതിട്ട :മുറിഞ്ഞകൽ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടന്ന ജനറൽ ആശുപത്രി പരിസരം കണ്ണീർക്കടലായി. നവദമ്പതികളായ നിഖിൽ, അനു, ഇവരുടെ അച്ഛന്മാരായ മത്തായി ഈപ്പൻ, ബിജു പി.ജോർജ് എന്നിവരുടെ ജീവനറ്റ ശരീരങ്ങൾ എത്തിച്ചപ്പോൾ ഒരുനോക്ക് കാണാൻ നൂറ് കണക്കിനാളുകൾ എത്തി. ജീവിതം തുടങ്ങുംമുൻപേ മടങ്ങിയ നിഖിലിനെയും അനുവിനെയും ഓർത്ത് ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പി. രാവിലെ ഒൻപതിന് കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് നിഖിൽ, മത്തായി ഈപ്പൻ , ബിജു പി.ജോർജ് എന്നിവരുടെ മൃതദേഹങ്ങളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അനുവിന്റെ മൃതദേഹവും ജനറലാശുപത്രിയിലേക്ക് എത്തിച്ചു. ആദ്യം മത്തായി ഈപ്പന്റെ മൃതദേഹം പോസ്റ്റമാർട്ടം ചെയ്തു. പിന്നീട് ബിജുവിന്റെയും നിഖിലിന്റെയും. ഉച്ചയ്ക്ക് ഒരു മണിയോടെ അനുവിന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. മൃതദേഹങ്ങൾ ഇടത്തിട്ട സെന്റ് മേരീസ് മോർച്ചറിയിലേക്ക് മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മുൻ ജീവനക്കാരനായ ബിജുവിന്റെ മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചതിന് ശേഷമാണ് മോർച്ചറിയിലേക്ക് കൊണ്ടുപോയത്. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും ആശുപത്രിയിൽ എത്തിയിരുന്നു. കെ.യു.ജനീഷ് കുമാർ.എം.എൽ.എ , ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ, പത്തനംതിട്ട നഗരസഭാദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, പൊതുപ്രവർത്തകരായ റോബിൻ പീറ്റർ, എ.സുരേഷ് കുമാർ, കെ.ജാസിംകുട്ടി, വിജയ് ഇന്ദുചൂഡൻ, എൻ.നവനിത്ത് തുടങ്ങിയവർ ആശുപത്രിയിലെത്തി.