
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ ആവർത്തിച്ചപ്പോൾ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ട്രാഫിക് സുരക്ഷാ യോഗത്തിന് ശ്രമം നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളിലായിരുന്നു യോഗം വിളിച്ചത്. പൊലീസ്, മോട്ടോർവാഹന വകുപ്പ്, പൊതുമരാമത്ത്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് എത്താതിരുന്നത്. എത്താൻ സമയമില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയെ ഇവർ അറിയിച്ചത്. അപകടങ്ങൾ ഏറെ നടന്ന കലഞ്ഞൂർ സ്‌കൂൾ ജംഗ്ഷൻ, മുറിഞ്ഞകൽ, ഇഞ്ചപ്പാറ വളവ്, കൂടൽ തുടങ്ങിയ പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് കൂട്ടായി സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കുന്നതിനാണ് യോഗം വിളിച്ചത്.
പൊലീസിന്റെ സ്പെഷ്യൽ പെട്രോളിംഗ്
കോന്നി : മുറിഞ്ഞകൽ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി റീച്ചിൽ പൊലീസിന്റെ രാത്രിയും പകലുമുള്ള പതിവ് പെട്രോളിംഗിന് പുറമേ രാത്രിയിൽ സ്പെഷ്യൽ പെട്രോളിംഗിന് ടീമിനെ നിയോഗിച്ചു. കോന്നി, കൂടൽ, തണ്ണിത്തോട്, ചിറ്റാർ, വയ്യാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പേരെ ഇതിനായി നിയോഗിക്കും.