
പത്തനംതിട്ട : അപകടങ്ങളിൽ ജീവൻ നഷ്ടമാകുമ്പോഴും പരിമിതികളാൽ മുടന്തുകയാണ് ജില്ലയിലെ ചികിത്സാസംവിധാനങ്ങൾ. ശബരിമല തീർത്ഥാടകർ ഉൾപ്പടെ ദിവസവും അപകടത്തിൽപ്പെടുന്നവർ ഏറെയാണ്. മലയോര മേഖലയിലെ പാതകളിൽ പരിക്കേറ്റ് വീഴുന്നവർക്ക് ആശ്രയം പത്തനംതിട്ട ജനറൽ ആശുപത്രി മാത്രമാകുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം
ഇവരെ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നതാണ് പതിവ്. 65 കിലോ മീറ്ററോളം ദൂരമുണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്താൻ. അത്യാസന്ന നിലയിലായ പലർക്കും കോട്ടയത്ത് എത്തുംമുമ്പേ ജീവൻ നഷ്ടമാകും. കൂടുതൽ സൗകര്യങ്ങൾ ശബരിമല മണ്ഡലകാലത്തെങ്കിലും ഒരുക്കിയാൽ അപകടം മൂലമുണ്ടാകുന്ന ആഘാതങ്ങളുടെ തോത് കുറയ്ക്കാനാകും.
പരിമിതികളേറെ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, ഒ.പി ബ്ലോക്ക് എന്നിവയുടെ നിർമ്മാണം നടക്കുന്നതിനാൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങളിൽ പലതും വെട്ടിക്കുറച്ചിട്ടുണ്ട്. കാഷ്വാലിറ്റിയിൽ ആകെയുള്ളത് 10 കിടക്കകളാണ്. മുൻപ് 414 കിടക്കളുണ്ടായിരുന്ന ജനറൽ ആശുപത്രിയിൽ ഇപ്പോഴുള്ളത് 292 എണ്ണം. ആകെയുള്ള മൂന്ന് ഫിസിഷൻമാരിൽ രണ്ട് പേർ കാർഡിയോളജി സ്പെഷ്യലിസ്റ്റുകളാണ്. പിന്നെയുള്ള ഒരാളെ കൊണ്ട് മാത്രം ജനറൽ ഒ.പി നിയന്ത്രിക്കാൻ പറ്റില്ല. കാഷ്വാലിറ്റിയിൽ എട്ട് ഡോക്ടർമാരാണുള്ളത്. ഇവരിൽ രണ്ട് പേരാണ് ഒരേസമയം ഉണ്ടാകുക. ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ഫിസിഷൻമാർ വേണ്ടതാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
1.ജനറൽ സർജൻമാർ ഇല്ല
2.മൂന്ന് ഫിസിഷൻ അധികം വേണം
3.കാർഡിയോളജിസ്റ്റിന്റെ ഒഴിവ്
4.എം.ആർ.ഐ സ്കാനിംഗ് സൗകര്യമില്ല
അപകടത്തിൽപ്പെട്ടവരെ മാറ്റുന്നത് കോട്ടയം മെഡിക്കൽ കോളേജിലേക്ക്