chennirkkara

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം പലയിടത്തും വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. വാർഡുകളെ വെട്ടിമുറിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്നാണ് പ്രധാന ആക്ഷേപം. പരാതികൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ലെന്നും പറയുന്നുണ്ട്. അടുത്തടുത്ത വീടുകൾ വാർഡ് വിഭജനത്തിൽ രണ്ടും മൂന്നും വാർഡുകളിലായി മാറി. ബന്ധുവീടുകളെയും രണ്ടു വാർഡുകളിലായി വിഭജിച്ചു. പരാതികളെല്ലാം പരിഹരിക്കപ്പെടുമോ എന്നു കണ്ടറിയണം. അടുത്തിട‌െ പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലെ ഒരു വാർഡിനെ വിഭജിച്ചത് വലിയ കൗതുകമായി.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിലെ അൻപത്തിമൂന്ന് ഗ്രാമപഞ്ചായത്തുകളിലായി പുതുതായി നൽപ്പത്തിയഞ്ച് വാർഡുകൾ കൂടി ഉണ്ടാകും. ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാർഡുകൾ രൂപീകരിച്ചത്. അക്കൂട്ടത്തിൽപ്പെട്ട ചെന്നീർക്കര പഞ്ചായത്തിലെ മുട്ടത്തുകോണം ഒന്നാം വാർഡിലെ വിഭജനത്തിനെതിരെ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒരു പഞ്ചായത്ത് വാർഡിലെ വിഭജനത്തെപ്പറ്റി എന്തിനിത്ര പറയുന്നു എന്നു ചോദിച്ചേക്കാം. പറയാനുണ്ട്. ചെന്നീർക്കര പഞ്ചായത്തിലെ ഒന്നാം വാർഡായ മുട്ടത്തുകോണത്താണ് പ്രദേശത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകൾ. എസ്.എൻ.ഡി.പി ഉടമസ്ഥതയിലുള്ള സ്കൂളിന് ചരിത്രപരമായി ഒട്ടേറെ പ്രധാന്യമുണ്ട്. ചെന്നീർക്കര, മെഴുവേലി പഞ്ചായത്തുകളിൽ നിരവധിയാളുകൾക്ക് അക്ഷരവെളിച്ചം പകർന്ന സ്കൂൾ. വാർഡ് വിഭജനത്തോടെ, ചെന്നീർക്കര പഞ്ചായത്തിലെ ഒന്നാം വാർഡായ മുട്ടത്തുകോണത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടങ്ങൾ രണ്ടു വാർഡുകളിലായി. സ്കൂളിനൊപ്പമുണ്ടായിരുന്ന ശാഖാ ഓഫീസും ഗുരുമന്ദിരവും രണ്ടു വാർഡുകളിലായി.

അങ്കണവാടി, എൽ.പി, ഹൈസ്കൂൾ, ഗുരുമന്ദിരം, സ്കൂൾ വാട്ടർ ടാങ്ക് എന്നിവ ഒന്നാം വാർഡിൽ നിലനിറുത്തി. വാർഡിന്റെ പേര് മുട്ടത്തുകോണം എന്നതു മാറ്റി പുല്ലാമല എന്നാക്കി. എസ്.എൻ.ഡി.പി ഓഫീസ്, ഹയർസെക്കൻഡറി സ്കൂൾ, ഗ്രൗണ്ട്, പെൺകുട്ടികളുടെ മൂത്രപ്പുര, കിണർ, പോസ്റ്റ് ഓഫീസ് എന്നിവ പതിനഞ്ചാം വാർഡിലുമായി. നല്ലാനിക്കുന്ന് നോർത്ത് എന്നാണ് ഈ വാർഡിന് പേരിട്ടത്. ഒന്നും പതിനഞ്ചും വാർഡുകളായി സ്കൂൾ കെട്ടിടങ്ങൾ വിഭജിക്കപ്പെട്ടത് നടുവിലൂടെ ഒരു വഴി ഉണ്ടെന്നതിനാലാണ്. പഴയകാലത്തെ നടവഴി പഞ്ചായത്ത് റോഡായി മാറിയതാണ് കെട്ടിടങ്ങൾ രണ്ടു വാർഡുകളിലാകാൻ കാരണമായി പറയുന്നത്. അശാസ്ത്രീയമായ വാർഡു വിഭജനം പൊതുജന താത്പ്പര്യം മാനിക്കാതെയാണെന്ന് ആക്ഷേപം ഉയർന്നു. വിദൂര പ്രദേശങ്ങളെയും ഒന്നും പതിനഞ്ചും വാർഡുകളിലേക്ക് കൂട്ടിച്ചേർത്തു. വാർഡ് വിഭജനത്തിനെതിരെ നാട്ടുകാർ പൗരസമിതി രൂപീകരിച്ചു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പൗരസമിതിയുടെ ഭാഗമായി. പഞ്ചായത്ത് ഓഫീസിലേക്ക് പൗരസമിതി മാർച്ച് നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പൗരസമിതി പരാതികൾ നൽകി.

സ്കൂൾ സംബന്ധിച്ച് വിവരങ്ങൾ വിവിധ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും ചെന്നീർക്കര പഞ്ചായത്ത് ഒന്നാം വാർഡായ മുട്ടത്തുകോണത്താണ്. വാർഡ് വിഭജനത്തോടെ ഒരേ കോമ്പൗണ്ടിലുള്ള സ്കൂൾ കെട്ടിടങ്ങൾ രണ്ടു വാർഡുകളിലായി എന്ന് പരാതിക്കാർ അധികൃതർക്കു മുന്നിൽ ചൂണ്ടിക്കാട്ടി.

പിന്നിലാര് ?

വിഭജനത്തിലെ അപാകതകൾ എങ്ങനെ സംഭവിച്ചുവെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കു മറുപടിയില്ല. ഭരണകക്ഷിയിലെ ഉന്നതർ അവരുടെ ഇഷ്ടാനുസരണം വാർഡിനെ വിഭജിക്കുകയായിരുന്നുവെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നു. വിഭജനം ഭരണകക്ഷിക്കു കൂടി പ്രയോജനമാകുന്ന തരത്തിലാണ് സംസ്ഥാനത്തെമ്പാടും നടക്കുന്നത് എന്ന ആരോപണം കുറേയേറെ സത്യമാണ്.

പക്ഷെ, മുൻപിൻ നോക്കാതെ ചെന്നീർക്കര ഒന്നാം വാർഡിനെ വിഭജിച്ചത് ഇപ്പോൾ വിനയായിരിക്കുകയാണ്. പ്രതിഷേധം ശക്തമാകുന്നതു കണ്ട് ജില്ലാ കളക്ടറേറ്റിൽ നിന്ന് കുറച്ച് ഉദ്യോഗസ്ഥർ ചെന്നീർക്കരയിലെത്തി. പരാതിക്കാരുമായി ചർച്ച നടത്തി. അവരുടെ വാദങ്ങൾ കേട്ടു. റിപ്പോർട്ടായി ജില്ലാ കളക്ടർക്ക് നൽകും. റിപ്പോർട്ടിന്മേൽ അദ്ദേഹം എന്തു ശുപാർശ നൽകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിഭജനം രാഷ്ട്രീയത്തിന് അതീതമായി ജനരോഷത്തിനിടയാക്കിയതുകൊണ്ട് പുനഃപരിശോധന നടന്നേക്കും. വിഭജനം ഉപേക്ഷിച്ചില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ പണി കിട്ടാൻ പോകുന്നത് ഭരണപക്ഷത്തിനായിരിക്കും. പൊതുവെ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള പ്രദേശമാണ് ചെന്നീർക്കരയും മെഴുവേലിയുമൊക്കെ. വാർഡ് വിഭജനത്തിനെതിരെ വൈകാരിക രോഷം ഉയർന്നാൽ പ്രദേശത്തു നിന്ന് ഇടതുപക്ഷം ഒലിച്ചുപോകാൻ സാദ്ധ്യതയുണ്ട്. സ്കൂളുകളെ രണ്ടുതട്ടിലാക്കിയ നയതന്ത്ര വൈദഗ്ദ്ധ്യം ജില്ലയിലാകെ ചർച്ചയാണ്.

തിരുത്തുമെന്ന്

പ്രതീക്ഷ

ചരിത്ര പുസ്തകങ്ങളിൽ പതിനാലാം നൂറ്റാണ്ടിലെ ഒരു ഭരണാധികാരിയുടെ തലതിരിഞ്ഞ തീരുമാനങ്ങളെ തുഗ്ളക്ക് പരിഷ്കാരം എന്ന പേരിൽ പിന്നീട് പല വർത്തമാനങ്ങളിലും കടന്നുകൂടിയിട്ടുണ്ട്. ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുത്ത് ജനരോഷം ഏറ്റുവാങ്ങിയ ഭരണാധികാരി പിന്നീട് ചിലത് തിരുത്തിയപ്പോഴേക്കും നാട് ഏതാണ്ട് നശിച്ചു. അത്തരം ഒരു നാശത്തിലേക്ക് ചെന്നീർക്കരയെ കൊണ്ടുപോകരുതെന്ന് അൽപ്പം അതിശയോക്തിയോടെയാണെങ്കിലും പറയേണ്ടി വരുന്നു.

തീരുമാനങ്ങൾ ശരിയായില്ലെന്നു കണ്ടാൽ തിരുത്തുന്നത് നല്ല ഭരണാധികാരികളുടെ ലക്ഷണമാണ്. ചെന്നീർക്കരയിലെ ഒന്നാം വാർഡിനെ അശാസ്ത്രീയമായി വെട്ടിമുറിച്ചവർ ആരായാലും അത് തിരുത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. തീരുമാനം തിരുത്തുന്നതിന് കാലതാമസം ഉണ്ടാകുമ്പോഴാണ് ജനരോഷം അണപൊട്ടുന്നത്. നാടിന് ദോഷകരമാകുന്ന വാർഡ് വിഭജനത്തിനെതിരെ എല്ലാ പാർട്ടികളും ഉൾപ്പെട്ടവർ രംഗത്തുവന്നു. ഉറക്കെ പ്രതിഷേധിക്കാൻ കഴിഞ്ഞത് പ്രതിപക്ഷ പാർട്ടികൾക്കാണ്. ഇടതുപക്ഷം ഭരണപക്ഷമായതുകൊണ്ട് നേതാക്കൾക്കെതിരെ പ്രതിഷേധിക്കാൻ അണികൾക്ക് പരിമിതികളു‌ണ്ട്.

താഴേത്തട്ടിലെ പ്രവർത്തകരുടെ മനസിനൊപ്പം മടങ്ങിവരാൻ നേതാക്കൾക്ക് കഴിയട്ടെ. ജനങ്ങളുടെ മനസറിയുന്നവരാകണം രാഷ്ട്രീയ പാർട്ടികളെന്ന തത്വം വിഭജനത്തിന് കൂട്ടു നിന്നവർക്ക് മനസിലാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.