
ശബരിമല : ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർത്ഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്തവർഷം മുതൽ പ്രത്യേകനിധി രൂപീകരിക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു. വിർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിർബന്ധമല്ലാത്ത രീതിയിൽ 10 രൂപ വീതം വാങ്ങും. ഈ തുക ഉപയോഗിച്ചാണ് പ്രത്യേകനിധി സ്വരൂപിക്കുക. തീർത്ഥാടകർക്ക് 10 രൂപ നൽകാതെയും വിർച്വൽ ക്യു ബുക്ക് ചെയ്യാം. ഏകദേശം 60 ലക്ഷം പേർ വിർച്വൽ ക്യു ബുക്ക് ചെയ്യുന്നെന്നാണ് കണക്ക്. ഒരാളിൽനിന്ന് 10 രൂപ ലഭിച്ചാൽ തന്നെ ആറ് കോടിയുടെ പ്രത്യേക ഫണ്ട് ഉണ്ടാകും. ഈ ഫണ്ടിൽ നിന്ന് മലക്കയറ്റത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപ ആശ്വാസ സഹായമായി നൽകാനും സാധിക്കും, ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ബോർഡ് പ്രത്യേക നിധി ആവിഷ്കരിക്കുന്നത്. കഴിഞ്ഞവർഷം ശബരിമല ദർശനത്തിനിടെ ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും കാരണം 48പേർ മരണപ്പെട്ടതായാണ് കണക്ക്. ഇതിൽ പലരും നിർദ്ധന കുടുംബത്തിലെ അംഗങ്ങളാണ് എന്നതുകൂടി കണക്കിലെടുത്താണ് ബോർഡിന്റെ പുതിയ തീരുമാനം.
കാനനപാതയിലൂടെ വരുന്നവർക്ക് പ്രത്യേക ദർശന സൗകര്യം
ശബരിമല : അയ്യപ്പനെ കാണാൻ പുല്ലുമേട് , എരുമേലി കാനന പാതകളിലൂടെ കിലോമീറ്ററുകളോളം നടന്ന് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് അറിയിച്ചു. ഇത്രയും ദൂരം നടന്നുവരുന്നവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയും ഉപയോഗിക്കാം. മരക്കൂട്ടത്ത് വച്ച് ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ചെയ്യാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപ്പന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം നടത്താം. വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്.
പൊലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു
ശബരിമല : ശബരിമലയിൽ പൊലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ, എ എസ് ഐമാരും 1375 സിവിൽ പൊലീസ് ഓഫീസർമാരുമാണ് ഇന്നലെ ചുമതലയേറ്റത്. ഡിവൈ.എസ്.പിമാർക്കും പൊലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷ്യൽ ഓഫീസർ പ്രത്യേക നിർദ്ദേശങ്ങൾ നൽകി.സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ, ജോയിന്റ് സ്പെഷ്യൽ ഓഫീസർ ഉമേഷ് ഗോയൽ, അസി.സ്പെഷ്യൽ ഓഫീസറായ ടി.എൻ.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിന്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.