 
ഇലന്തൂർ: ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റായി ജയശ്രീ മനോജും വൈസ് പ്രസിഡന്റായി വിൻസൻ തോമസ് ചിറക്കാലായും തിരഞ്ഞെടുക്കപ്പെട്ടു. യു. ഡി. എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ ധാരണ പ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥി മൂന്നാം വാർഡ് അംഗം ജയശ്രീ മനോജ് ഏഴ് വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥി എൽ. ഡി .എഫിലെ അഡ്വ.കെ.ജെ. സിനിക്ക് നാല് വോട്ട് ലഭിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഏഴാം വാർഡ് അംഗം വിൻസൻ തോമസ് ചിറക്കാല ഏഴ് വോട്ട് നേടി. എതിർ സ്ഥാനാർത്ഥി എൽ. ഡി. എഫിലെ സജിക്ക് നാല് വോട്ടും ലഭിച്ചു. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. മഹിളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയാണ് ജയശ്രീ മനോജ് . വിൻസൻ തോമസ് ചിറക്കാല പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. അസിസ്റ്റന്റ് എക്സികുട്ടിവ് എൻജിനീയർ ഷിബുജാൻ ആയിരുന്നു വരണാധികാരി.